പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകിയത്.
പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും നിലവിൽ വരും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ തുടരും.
കൂടുതൽ വിദേശമദ്യ ശാലകൾക്ക് അനുമതി നൽകും. രണ്ടു മദ്യശാലകൾ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐടി സ്ഥാപനങ്ങൾക്ക് ആകും പബ്ബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
പബ്ബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ്ബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം.