21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരശീല; ജില്ലകൾതോറും സിനിമ മേളകൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി സജി ചെറിയാൻ
Kerala

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരശീല; ജില്ലകൾതോറും സിനിമ മേളകൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി സജി ചെറിയാൻ

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു കൊടിയിറങ്ങി. പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ എണ്ണംകൊണ്ടും ഏറെ സമ്പന്നമായ മേളായിയിരുന്നു ഇത്തവണത്തേത്. ലോക സിനിമകൾ മുഴുവൻ മലയാളികൾക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന് ജില്ലകൾതോറും സിനിമ മേളകൾ സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി സമാപന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ സമാപന ചടങ്ങ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സിനിമയടക്കം എല്ലാ കലാരൂപങ്ങളെയും വലിയ തോതിൽ സഹായിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു സിനിമ മ്യൂസിയം ആരംഭിക്കുന്നതിനു ബജറ്റിൽ തീരുമാനമെടുത്തിട്ടുണ്ട്. ലോക സിനിമയുടെ ചരിത്രവും സാങ്കേതികവിദ്യയിലടക്കമുണ്ടായ മുന്നേറ്റങ്ങളും അനാവരണം ചെയ്യുന്നതാകും ഈ മ്യൂസിയം. തിയേറ്ററുകളുടെ പ്രവർത്തനത്തിന് കെ.എസ്.എഫ്.ഡി.സിക്കു നൽകുന്ന സഹായത്തിനു പുറമേ കൂടുതൽ സഹായങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എഫ്.എഫ്.കെ. മേളയിൽനിന്നു തെരഞ്ഞെടുത്ത 66 ചിത്രങ്ങൾ ഏപ്രിലിൽ കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ അറിയിയിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും മേളയ്ക്കു പങ്കെടുക്കാൻ കഴിയാത്തവർക്കായാണു ജില്ലകൾ തോറും ചിത്രങ്ങൾ കാണാനുള്ള സാഹചര്യമൊരുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. നല്ല സിനിമകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ച് സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കുകയെന്നതാണു സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ ചലച്ചിത്രം പ്രദർശിപ്പിച്ചതിന്റെ അമ്പതാം വർഷത്തിന്റെ ഭാഗമായി അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ അടൂർ ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ചു.
ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നതാലി അൽവാരെസ് മെസെൻന്റെ സംവിധാനം ചെയ്ത കോസ്റ്റാറിക്കൻ ചിത്രം ക്ലാരാ സോള നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്. പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മല്സര വിഭാഗത്തിൽ ജൂറി പുരസ്‌ക്കാരം എന്നിവയാണ് കൂഴങ്കൽ നേടിയത്.
മികച്ച സംവിധായകനുള്ള രജതചകോരം കമീലാ കംസ് ഔട്ട് റ്റു നെറ്റിന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെവോയ്ക്കാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത യു റീസെമ്പിൽ മി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. – കെ.ആർ മോഹനൻ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലവും മലയാള ചിത്രമായ നിഷിദ്ധോയും തെരെഞ്ഞെടുക്കപ്പെട്ടു. (സംവിധായിക -താരാ രാമാനുജൻ ). മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി.
രാജ്യാന്തര മല്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിനു കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്‌കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് മി മോർണിംഗും ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ബോളിവുഡ് താരം നവാലസുദ്ദീൻ സിദ്ദീഖി, സാഹിത്യകാരൻ ടി. പദ്മനാഭൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ജൂറി അംഗങ്ങളായ ഗിരീഷ് കാസറവള്ളി, രശ്മി ദുരൈസാമി, അശോക് റാണെ, അമൃത് ഗംഗാർ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞിജിത്ത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

Related posts

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

Aswathi Kottiyoor

തക്കാളിക്ക് കേരളത്തിൽ കിലോഗ്രാമിന്‌ 120 രൂപ

Aswathi Kottiyoor

ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല

Aswathi Kottiyoor
WordPress Image Lightbox