സ്വകാര്യ ബസ് സമരത്തെ തുടർന്ന് രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി. അധികമായി ഓടിച്ചത് 69 ബസുകൾ മാത്രം. സമരം തുടങ്ങിയ മാർച്ച് 24 ന് 3695 ബസുകൾ മാത്രമാണ്. തൊട്ടുതലേന്ന് ഓടിച്ചതാകട്ടെ 3626 ബസുകളും. 3724 ഓർഡിനറി ബസുകളടക്കം 6418 ബസുകളുള്ള കെ.എസ്.ആർ.ടി.സിയാണ് യാത്രാക്ലേശം സാധാരണക്കാരുടെ രൂക്ഷമായിട്ടും 2723 ബസുകൾ മാറ്റിയിട്ടിരിക്കുന്നത്.
കൊറോണ കാലത്തിന് മുമ്പ് ശരാശരി 4700 ബസുകൾ ദിവസവും നിരത്തിലിറക്കിയിരുന്നു. നിലവിൽ ഓടിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ബഹുഭൂരിപക്ഷവും ഫാസ്റ്റും സൂപ്പർ ഫാസ്റ്റുമാണ്. ഗ്രാമപ്രദേശങ്ങളിൽ പോലും സാധാരണക്കാർ നിരക്ക് കൂടിയ സൂപ്പർക്ലാസ് ബസുകളിൽ കയറി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. നേരത്തെ മോട്ടോർ വാഹന ചട്ടങ്ങളെ നോക്കുകുത്തിയാക്കി കെ.എസ്.ആർ.ടി.സി നടത്തുന്ന സൂപ്പർക്ലാസ് സർവീസുകളുടെ പഴക്കം ഏഴിൽ നിന്ന് ഒമ്പതുവർഷമായി ഉയർത്തിയിരുന്നു.
ഇതോടെ ഏഴുവർഷത്തിനും ഒമ്പതുവർഷത്തിനും ഇടയിൽ പഴക്കമുള്ള 704 ബസുകൾ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് സർവീസുകൾക്ക് ഉപയോഗിക്കാവുന്ന സ്ഥിതിയായി. 1999 ലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്ത് സൂപ്പർ ക്ലാസ് സർവീസുകൾക്ക് അനുമതി നൽകിയത്. ഫാസ്റ്റിന് മൂന്നുവർഷവും സൂപ്പർഫാസ്റ്റിന് മുകളിലേക്കുള്ള സർവീസുകൾക്ക് രണ്ടുവർഷവും പഴക്കമുള്ള ബസുകൾ മാത്രമെ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. ഇവയിലൊന്നും നിന്നുെകാണ്ടുള്ള യാത്ര അനുവദിച്ചിരുന്നുമില്ല.
പുതിയ വണ്ടികൾ ഉപയോഗിക്കുന്നതിനാലും യാത്രികർക്ക് അധിക സൗകര്യം കിട്ടുന്നതിനാലും ഉയർന്ന യാത്രക്കൂലി ഇൗടാക്കാനും അനുമതി നൽകി. 2010 ൽ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവർഷം പഴക്കമുള്ള ബസുകൾ ഫാസ്റ്റായും മൂന്നു വർഷംവരെയുള്ളവ സൂപ്പർ ഫാസ്റ്റായും ഓടിക്കാവുന്ന നിലയായി. ഡീലക്സ് ബസുകൾക്ക് അപ്പോഴും രണ്ടുവർഷം എന്ന പരിധി നിലനിന്നു. 2018 ൽ വരുത്തിയ ഭേദഗതിയിൽ എല്ലാ സൂപ്പർക്ലാസുകളുടെയും പഴക്കം ഏഴുവർഷമാക്കി നിജപ്പെടുത്തി. ഇതാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിെൻറ മാത്രം അടിസ്ഥാനത്തിൽ ഒമ്പതാക്കി ഉയർത്തിയത്. സ്വകാര്യ ബസുകൾ പണിമുടക്കുമ്പോൾ വൻ തുക ചാർജായി ഈടാക്കുന്ന സൂപ്പർക്ലാസ് ബസുകൾ ഉപയോഗിച്ച് ജനങ്ങളെ പിഴിയാൻ കെ.എസ്.ആർ.ടി.സിക്ക് അവസരം കിട്ടിയതും ബസുകളുടെ പഴക്കത്തിൽ വരുത്തിയ തിരുത്തിനെ തുടർന്നാണ്.