വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പത്തുവർഷത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 34,875 കേസ്. വനംവകുപ്പിന്റെ നോർത്തേൺ സർക്കിൾ (3446 കേസ്), ഹൈറേഞ്ച് (2488), സെൻട്രൽ (4578), സതേൺ (3196), ഈസ്റ്റേൺ (8557), ഫീൽഡ് ഡയറക്ടർ കോട്ടയം (44), വന്യജീവി വിഭാഗം പാലക്കാട് (12,043), അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് (523) എന്നിങ്ങനെയാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. ആക്രമണത്തില്‍ 6803 പേർക്ക് പരിക്കും 1223 മരണവുമാണുള്ളത്. ആക്രമണങ്ങൾ കൂടുതലും മലയോര മേഖലകളിലാണ്. ആന, കാട്ടുപന്നി, പുലി, കടുവ എന്നിവയുടെ ആക്രമണമാണ് കൂടുതൽ.
വനംവകുപ്പിന്റെ എട്ട് സർക്കിളിലായി 38.19 കോടി രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവർക്ക് ഇതുവരെ 21.54 കോടി രൂപ സർക്കാർ സഹായം കൈമാറി. പരിക്കേറ്റവർക്ക് 16.53 കോടി രൂപയും കൃഷിനാശത്തിന് 38.19 കോടി രൂപയും വിതരണംചെയ്തു. വനം വകുപ്പിന്റെ ഈസ്റ്റേൺ സർക്കിളിന് കീഴിലാണ് ഏറ്റവും കൂടുതൽ മരണം (342). കുറവ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിളിലും. മൂന്നുപേരാണ് ഇവിടെ മരിച്ചത്. നോർത്തേൺ സർക്കിളിന് കീഴിലാണ് ഏറ്റവും കൂടുതൽ കൃഷിയിടം നശിച്ചത്. ഈ ഇനത്തിൽ 17.69 കോടി രൂപ നഷ്ടപരിഹാരം നൽകി.