• Home
  • Kerala
  • ചിരിസല്ലാപവുമായി വൈദ്യുതി മന്ത്രിയും മുൻ മന്ത്രിയും വൈദ്യുതി ഭവനിൽ
Kerala

ചിരിസല്ലാപവുമായി വൈദ്യുതി മന്ത്രിയും മുൻ മന്ത്രിയും വൈദ്യുതി ഭവനിൽ

നർമ സല്ലാപവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും മുൻ വൈദ്യുതി മന്ത്രി എം.എം. മണിയും വൈദ്യുതി ബോർഡ് ആസ്ഥാനമായ വൈദ്യുതി ഭവനിൽ. സ്വതസിദ്ധ ശൈലിയിൽ ഇരുവരും അനുഭവങ്ങളും ഫലിതവും കുശലവുമൊക്കെ പങ്കുവച്ചതോടെ വേദി ചിരികൊണ്ടു നിറഞ്ഞു. വൈദ്യുതി ബോർഡും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച കാർട്ടൂൺ ക്യാംപിന്റെ സമാപന ചടങ്ങായിരുന്നു വേദി.
ദുരിതപൂരിതമായ കോവിഡ് കാലത്തു മനുഷ്യ മനസിന് ആശ്വാസം പകരാൻ കാർട്ടൂൺ അടക്കമുള്ള കലാരൂപങ്ങൾക്കു കഴിഞ്ഞതായി പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സാധാരണക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഏറ്റവും ഉതകുന്ന മാധ്യമമാണു കാർട്ടൂണുകൾ. സർക്കാർ സംവിധാനങ്ങളും ഈ രീതിയിൽ ചിന്തിച്ചാൽ പദ്ധതികളുടെ ഗുണഫലങ്ങൾ അതിവേഗം താഴേത്തട്ടിലേക്കെത്തും. ചെയ്യുന്ന ഓരോ കാര്യങ്ങളും താഴേത്തട്ടിലെ സാധാരണക്കാരനെ ഉദ്ദേശിച്ചായിരിക്കണമെന്നും വൈദ്യുതി ബോർഡിന്റെ വികസന പദ്ധതികളിൽ ഈ ചിന്ത സദാ വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളെ ഏറ്റവും ലളിതമായും സരസമായും അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയാണു കാർട്ടുണുകളെ ജനപ്രിയമാക്കിയതെന്നു മുൻ വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കാര്യങ്ങളെ സൂക്ഷ്മതയോടെയും ലളിതവുമായും അവതരിപ്പിക്കുകയും ശക്തമായ സന്ദേശങ്ങൾ കാണുന്നവർക്കു നൽകുകയും ചെയ്യുന്നുവെന്നതാണു കാർട്ടൂണുകളുടെ പ്രത്യേകത. സംഘർഷഭരിതമായ സാഹചര്യങ്ങളിൽ ആശ്വാസം പകരാൻ കാർട്ടൂണുകൾ വലിയ പങ്കുവഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരുടേയും പ്രസംഗശൈലിയെക്കുറിച്ചും രീതികളെക്കുറിച്ചുമെല്ലാം ചോദിച്ചപ്പോൾ അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും ഒരിക്കലും അറിഞ്ഞുകൊണ്ടു ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി. ഓരോ ആളുകൾക്കും അവരുടേതായ ശൈലികളുണ്ടാകും. അത് ചിലപ്പോഴെങ്കിലും ചിരിയൊരുക്കാൻ കാരണമാകുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഇരുവരും പറഞ്ഞു. വേദിയിൽ ഒരുക്കിയ ബോർഡിൽ ഇരുവരും ചിത്രം വരച്ചാണു പരിപാടി അവസാനിപ്പിച്ചത്.
വൈദ്യുതി ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി. അശോക് മന്ത്രിയേയും മുൻ മന്ത്രിയേയും പരിപാടിയിലേക്കു സ്വാഗതം ചെയ്തു. കാർട്ടൂണിസ്റ്റ് ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററായിരുന്നു.

Related posts

കോവിഡ് പ്രതിരോധം ഊർജിതമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിൽ

Aswathi Kottiyoor

സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox