24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്നു, കാലങ്ങള്‍ ക്രമം തെറ്റുന്നു; ഇന്ന് ലോക കാലാവസ്ഥാ ദിനം.*
Kerala

*പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്നു, കാലങ്ങള്‍ ക്രമം തെറ്റുന്നു; ഇന്ന് ലോക കാലാവസ്ഥാ ദിനം.*

ഇന്ന് ലോക കാലാവസ്ഥാ ദിനമാണ് പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോണ്‍ പാളികള്‍ അര്‍ബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തില്‍ വെന്ത് നീറുകയാണ് ജീവജാലങ്ങള്‍. പ്രകൃതിയോടു പടവെട്ടാതെ, മുറിവേല്‍പ്പിക്കാതെ, സമരസപെട്ട് സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ഇത്തവണയും ലോക കാലാവസ്ഥാ ദിനം നമ്മളിലേക്ക് എത്തുന്നത്.

കര്‍ക്കിടകത്തിലെ ഇടമുറിയാത്ത മഴ, പൊന്‍വെയിലിനു വഴിമാറി വസന്തത്തെ വരവേറ്റ് ഓണത്തിനൊരുങ്ങുന്ന ചിങ്ങം, പിന്നെ കടലുവറ്റിക്കുന്ന കന്നി വെയില്‍. ഇടിമിന്നലിന്റെ അകമ്പടിയോടെ തുലാവര്‍ഷം. മഞ്ഞും, കുളിരുമായി പതുങ്ങി വരുന്ന ധനു, മകരങ്ങള്‍.കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പൊള്ളിക്കുന്ന മീന വെയില്‍. മെയ് ഫ്‌ളവറും വെയില്‍ പോലെ കത്തുന്ന നിറത്തില്‍ മേടത്തില്‍ പൂത്ത് നില്‍ക്കുന്ന കണിക്കൊന്നയും, ചൂടേറ്റു തളര്‍ന്ന ജീവജാലങ്ങള്‍ക്ക് ചെറുകുളിരുമായി കുംഭത്തിലെ വേനല്‍ മഴ. വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിന് ഇത്തരത്തിലൊരു കൃത്യമായ താളമുണ്ടായിരുന്നു. ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ അതിന്റെ ക്രമത്തില്‍ തന്നെ കടന്നുപോകുമെന്ന് ഒരുറപ്പുമില്ല. ഒപ്പം 2004 ലെ സുനാമിയും 2017 നവംബറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തില്‍ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളായി നില്‍ക്കുന്നു

നേരത്തെയുള്ള മുന്നറിയിപ്പും നേരത്തെയുള്ള പ്രവര്‍ത്തനവും

2022- ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം നേരത്തെയുള്ള മുന്നറിയിപ്പും നേരത്തെയുള്ള പ്രവര്‍ത്തനവും എന്നതാണ്. കാലാവസ്ഥ തരുന്ന മുന്നറിയിപ്പുകളെ കരുതിയിരിക്കാനും പ്രകൃതിയോട് കലഹിക്കാതെ ദുരന്തങ്ങളെ തടയാന്‍ ഇന്ന് തന്നെ പ്രവര്‍ത്തിച്ച് തുടങ്ങുവെന്നുമാണ് ലോക കാലാവസ്ഥ സംഘടന മാനവരാശിയോട് ആവശ്യപ്പെടുന്നത്. ജല പ്രതിസന്ധി, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍, ശുദ്ധമായ ജലത്തിന്റെ ലഭ്യതക്കുറവ് എന്നിവയിലെല്ലാം ഈ ആശയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

1950 മാര്‍ച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ഈ ദിവസം ലോക കാലാവസ്ഥാ ദിനമായി ആചരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജന്‍സിയായി 1951 മുതല്‍ ഇതിനെ പരിഗണിക്കുന്നു. 1979ല്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പ്രഥമ ലോക കാലാവസ്ഥാ കോണ്‍ഫറന്‍സില്‍, ജനീവയില്‍ ഒത്തുകൂടി. കാലാവസ്ഥാമാറ്റങ്ങളുടെ ആപല്‍ക്കരമായ ലക്ഷണങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെടുന്നതായിരുന്നു സമ്മേളനം. ഈ സമ്മേളനമാണ് കാലാവസ്ഥാ ദിനാചരണത്തിന്റെ പ്രാധാന്യം ലോകത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായത്.

അതിനു ശേഷം 1992ലെ റിയോ ഉച്ചകോടി, 1997 ലെ ക്യോട്ടോ ഉടമ്പടി, 2015 ലെ പാരീസ് ഉടമ്പടി എന്നിവയിലൂടെയും കാലാവസ്ഥ സംരക്ഷണത്തില്‍ പുരോഗതി ഒന്നും ഇല്ലാത്തതിനെക്കുറിച്ച് ശാസ്ത്രജ്ഞരുടെ കര്‍ശനമായ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന് ഇപ്പോഴും ആക്കം കൂടുകയാണ്, അത് ഭൂമിയുടെ കാലാവസ്ഥയില്‍ വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന അനിര്‍വചനീയമായ ദുരന്തങ്ങള്‍ ഒഴിവാക്കണമെങ്കില്‍ നമ്മുടെ ജൈവമണ്ഡലത്തെ പരിരക്ഷിക്കാനാവശ്യമായ പ്രയത്‌നങ്ങള്‍ വലിയ അളവില്‍ തന്നെ കൈക്കൊള്ളേണ്ടിയിരിക്കുന്നു.കാലാവസ്ഥ വ്യതിയാന ദുരന്തവും ഇന്ത്യയും

ഇന്ത്യയിലെ മണ്‍സൂണ്‍ പാറ്റേണില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നതായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരോവര്‍ഷവും വേനല്‍ക്കാലം വര്‍ധിച്ചു വരുന്ന വരള്‍ച്ചയുടെയും, അത്യുഷ്ണത്തിന്റെയും കാലമായി മാറുന്നു. മണ്‍സൂണ്‍ വൈകി എത്തുന്നു. മണ്‍സൂണിന്റെ തുടക്കത്തില്‍ മഴക്കുറവ് അനുഭവപ്പെടുന്നു. പിന്നീട് അതി ശക്തിയായ മഴയും അതിന്റെ ഭാഗമായുള്ള കാലാവസ്ഥാക്കെടുതികളും ഉണ്ടാവുന്നു. ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) പുതിയ പഠന(2021) റിപ്പോര്‍ട്ട് പറയുന്നത്. ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.

Related posts

സ്ത്രീപക്ഷ നവകേരളത്തിൽ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ സജീവപങ്കാളികളാവും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു: അമ്മയുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox