സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി പരിഗണിക്കാന്‍ ആഭ്യന്തര പരാതി സമിതികള്‍ രൂപീകരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി. പാര്‍ട്ടികളും അണികളും തമ്മില്‍ തൊഴിലുടമ-തൊഴിലാളി ബന്ധമല്ലാത്തതിനാലാണ് സമിതി രൂപീകരിക്കാന്‍ ബാധ്യതയില്ലാത്തതെന്നും ഹൈക്കോടതി വിശദീകരിച്ചു.
അതേസമയം പാര്‍ട്ടികള്‍ സ്ഥാപനങ്ങള്‍ നടത്തുകയും ഈ സ്ഥാപനങ്ങളില്‍ സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികള്‍ ഉണ്ടാവുകയും ചെയ്താല്‍ സമിതിക്ക് രൂപം നല്‍കണമെന്നു ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരെയും വകുപ്പു മേധാവികളെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജികള്‍ പരിഗണിക്കവെ ഹൈക്കോടതി വിലയിരുത്തി.
സിനിമാ സംഘടനകളില്‍ ആഭ്യന്തര പരാതി സമിതികള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നല്കിയ ഹര്‍ജികള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെടെ ഈ സമിതികള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ റൈറ്റ്സ് റിസേര്‍ച്ച് ആന്‍ഡ് അഡ്വോക്കസി (സിസിആര്‍ആര്‍എ) എന്ന സംഘടനയും ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി, കേരള ടെലിവിഷന്‍ ഫെഡറേഷന്, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, കേരള പത്രപ്രവര്‍ത്തക യൂണിയന്, ഫെഫ്ക എന്നിവയെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്.