26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാർഷിക ഗ്രാമ വികസന ബാങ്ക് : അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈക്കോടതി ശരിവച്ചു
Kerala

കാർഷിക ഗ്രാമ വികസന ബാങ്ക് : അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈക്കോടതി ശരിവച്ചു

സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതും പാസായതും ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവച്ചു.

നടപടികൾ നേരത്തേ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. അതിനെതിരെ ഭരണസമിതി അംഗമായിരുന്ന മുൻ എംഎൽഎ കെ ശിവദാസൻനായരും മറ്റും സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. പൊതുയോഗം അവിശ്വാസപ്രമേയം പാസാക്കിയതിൽ അപാകതയില്ലെന്ന് കോടതി വിലയിരുത്തി.
ഭരണസമിതി അവിശ്വാസത്തിലൂടെ പുറത്തായ സാഹചര്യത്തിൽ ഭരണസ്തംഭനം ഒഴിവാക്കാനാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതെന്ന സർക്കാർ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. പൊതുയോഗം വിളിച്ചുചേർത്ത് അവിശ്വാസപ്രമേയത്തിന് അനുമതി നൽകിയ സഹകരണ രജിസ്ട്രാറുടെ നടപടിയിൽ അപാകതയില്ല. പൊതുയോഗത്തിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്‌. ഇതിനായി വിധിപ്പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയക്കാനും കോടതി നിർദേശിച്ചു.

നേരത്തേ ചേർന്ന പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ബജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ബാങ്ക് പ്രസിഡ​ന്റ് സോളമൻ അലക്സ് രാജിവച്ചിരുന്നു. തുടർന്ന് ഭൂരിപക്ഷം അംഗങ്ങൾ ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് രജിസ്ട്രാർ പി ബി നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചുചേർത്തത്. ഇത്‌ ചോദ്യം ചെയ്ത് ശിവദാസൻനായരും മറ്റും ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. പിന്നീട് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഇടക്കാല ഉത്തരവിൽ സിംഗിൾ ബെഞ്ച് അനുമതി നൽകി. പൊതുയോഗം അവിശ്വാസം പാസാക്കി. സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീന്‍, ബാങ്കിനുവേണ്ടി അഡ്വ. എം എ അസിഫ് എന്നിവർ ഹാജരായി.

Related posts

ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വിയറ്റ്നാം വ്യോമസേനയ്ക്ക് ഇന്ത്യയുടെ ഉദാര സംഭാവന

Aswathi Kottiyoor

ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox