കാട്ടാനകളുടെ ഭീഷണി ആറളം ഫാമിൽ കശുവണ്ടി ശേഖരണവും കാടുവെട്ടും പ്രതിസന്ധിയിലാക്കുന്നു. കശുവണ്ടി വിളവെടുപ്പ് സമയമായെങ്കിലും കാട്ടാന ഭീതിമൂലം കാടുവെട്ടി തെളിക്കൽ പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാമിലെ തൊഴിലാളികൾക്ക് പുറമെ കാടുവെട്ടാൻ കരാർ വ്യവസ്ഥയിലും അനുമതി നൽകിയിരുന്നു. ആനപ്പേടി കാരണം ഫാമിലെ തൊഴിലാളികൾക്കോ കരാർ എടുത്തവർക്കോ പലഭാഗങ്ങളിലും പ്രവേശിക്കാൻ പോലുമായിട്ടില്ല. കശുമാവ് തളിരിടുന്ന സമയത്ത് ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോഴും പൂർത്തീകരിക്കാതെ കിടക്കുന്നത്. മികച്ച ഉത്പാദനമുള്ള മേഖലകൾ പോലും കാടുകയറിക്കിടക്കുകയാണ്.
കാട്ടിനുള്ളിൽ നിന്ന് കശുവണ്ടി യഥാസമയം ശേഖരിക്കാൻ കഴിത്തതു മൂലമുള്ള നഷ്ടം നാൾക്കുനാൾ കൂടിവരികയാണ്. ഫാമിലെ കശുവണ്ടി മേഖലകളായ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബ്ലോക്കുകളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ ഈ മേഖലകളിലേക്ക് കടക്കാൻ പോലും കഴിയാത്ത് അവസ്ഥയാണ്. നാല്പതോളം ആനകൾ ഫാമിലെ കശുവണ്ടി തോട്ടങ്ങളിൽ ഉണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ചിലയിടങ്ങളിൽ ഒറ്റയാനാണ് ഭീഷണിയാകുന്നതെങ്കിൽ മറ്റിടങ്ങളിൽ എട്ടും പത്തും വരെയുള്ള ആനക്കൂട്ടങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. തോട്ടങ്ങളിലെ മരങ്ങൾ കാട്ടാനക്കൂട്ടം കുത്തി വീഴ്ത്തി നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കശുവണ്ടി ശേഖരിക്കുന്നതിനിടെ ഫാം തൊഴിലാളി ആനയെക്കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. തൊഴിലാളിയുടെ സ്വർണമാലയും ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടു. കാടിനുള്ളിൽ മറഞ്ഞു നിൽക്കുന്ന ആനക്കൂട്ടത്തെ വളരെയടുത്ത് എത്തിയാൽ മാത്രമെ കാണാനാകൂ. കഴിഞ്ഞ വർഷം 180 ടൺ കശുവണ്ടിയാണ് ഫാമിൽ വിളഞ്ഞത്. ഇത് മുൻ വർഷത്തേക്കാൾ 55 ടൺ ഓളം അധികമായിരുന്നു. സമാന രീതിയിലുള്ള ഉത്പാദനം ഇക്കുറിയും പ്രതീക്ഷിച്ചിരിക്കെയാണ് കാട്ടാന ഭീഷണി പ്രതിസന്ധിയുണ്ടാക്കുന്നത്.
കശുവണ്ടി ശേഖരണം ആദിവാസി പുനരധിവാസ മേഖലയിലെ തൊഴിലാളികൾക്കും വൻ ആശ്വാസമാണ്. ഉത്പാദനം മികച്ച നിലയിൽ എത്തുമ്പോൾ പുനരധിവാസ മേഖലയിലുള്ളവരേയും തൊഴിലാളികളായി നിയോഗിക്കും. പലരും കുടുംബ സമേതമാണ് കശുവണ്ടി ശേഖരിക്കാൻ എത്തുക. 30 കിലോമുതൽ 50കിലോവരെ ശേഖരിക്കുന്നവരുണ്ട്. ശരാശരി 300രൂപ മുതൽ 750രൂപവരെ കൂലിയായും ലഭിച്ചിരുന്നു. എന്നാൽ ആന ഭീഷണി കാരണം പലരും ഈ ജോലിക്കു വരാൻ മടിക്കുകയാണ്.