കോവിഡ് വ്യാപനം കുറഞ്ഞതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് ഉണ്ടായതിനെ തുടർന്ന് തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയിൽ രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടാനും തീരുമാനിച്ചിരുന്നു.
എന്നാൽ രാജ്യത്ത് നില വിൽ പ്രതിദിന കോവിഡ് കേസുകൾ 5000ൽ താഴെ എത്തിയ സാഹചര്യത്തിലാണ് വിമാന സർവീസ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.