• Home
  • Kerala
  • പന്നിയങ്കരയിൽ ടോൾ പിരിവ്‌ ബുധനാഴ്‌ച മുതൽ; കുതിരാൻ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്റർ
Kerala

പന്നിയങ്കരയിൽ ടോൾ പിരിവ്‌ ബുധനാഴ്‌ച മുതൽ; കുതിരാൻ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്റർ

ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ബുധനാഴ്ച അർധരാത്രിമുതൽ ടോൾപിരിവ് ആരംഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ചൊവ്വാഴ്‌ച രാത്രി പന്ത്രണ്ടിനുശേഷം ടോൾ പിരിക്കാനാണ് നിർദേശം. ടോൾ പിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ടോൾ പിരിവ് മുന്നിൽക്കണ്ട് മാസങ്ങൾക്കുമുമ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ടോൾ നിരക്ക്‌ കരാർ കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്. വടക്കഞ്ചേരിമുതൽ മണ്ണുത്തിവരെ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്ററാണുള്ളത്‌. നിർമാണത്തിന്‌ 1,286 കോടി രൂപ ചെലവായെന്നും തുരങ്കത്തിനുമാത്രം 165 കോടി രൂപ ചെലവായതായും ദേശീയപാതാ അതോറിറ്റി പറയുന്നു.

പ്രദേശവാസികൾക്ക് 285 രൂപ നിരക്കിൽ പ്രതിമാസ പാസ് അനുവദിക്കുമെന്നും ഉത്തരവിലുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് ഈ ആനുകൂല്യം. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോഴ്‌സിന്‌ ഒരു വശത്തേക്ക് മാത്രം 90 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും 135 രൂപ കൊടുക്കണം. ഇരുവശത്തേക്കും പാസെടുക്കുന്നവർ 24 മണിക്കൂറിനകം തിരികെവരണം. ലൈറ്റ് കൊമേഴ്സ്യൽ, ചെറിയ ഭാരവാഹനങ്ങൾ, മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 140 രൂപയും, ഇരുവശത്തേക്കുമായി 210 രൂപയും ഈടാക്കും, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് യഥാക്രമം 280, 425 രൂപ ഈടാക്കും.

ഹെവി കൺസ്ട്രക്‌ഷൻ, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 430, 645 രൂപയും, ഓർഗനൈസ്ഡ് വാഹനങ്ങൾക്ക് 555, 830 എന്നിങ്ങനെയാണ് ടോൾ നിരക്ക്. മാസം 50 തവണയിൽ കൂടുതൽ പോകുന്ന വാഹനങ്ങൾക്ക് മൊത്ത സംഖ്യയിൽ 33 ശതമാനം ഇളവ് അനുവദിക്കും. ദേശീയപാതയുടെ പണി പൂർത്തീകരിക്കാതെ ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. വടക്കഞ്ചേരിമുതൽ വാണിയമ്പാറവരെയുള്ള സർവീസ് റോഡുകൾ, കുതിരാൻ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ്, പട്ടിക്കാട് മേൽപ്പാലം തുടങ്ങിയ പ്രധാന പ്രവൃത്തികൾ ഇപ്പോഴും പൂർത്തിയാക്കാനുണ്ട്. ടോൾ പിരിവ് ആരംഭിച്ചശേഷം പണി പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി നൽകുന്ന വിശദീകരണം. ടോൾ പിരിവ് ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ പ്രതിഷേധങ്ങളും ആരംഭിക്കാൻ സാധ്യതയുണ്ട്.

Related posts

രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും.

Aswathi Kottiyoor

പാഠ്യപദ്ധതി പരിഷ്‌കരണം; തീവ്രവാദ ശക്തികൾ മുതലെടുപ്പിന്‌ ശ്രമിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സുസ്ഥിര വികസനത്തില്‍ മുന്നില്‍’, സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox