വിദേശരാജ്യങ്ങളിലെ ഗതാഗത നിയന്ത്രണ സംവിധാനം വരെ പരീക്ഷിച്ചു; പക്ഷേ, കഞ്ഞിക്കുഴിയിൽ വാഹനക്കുരുക്ക്, സമയനഷ്ടം, അധിക ഇന്ധനച്ചെലവ്

കോട്ടയം ∙ നഗരത്തിലെ പ്രധാന കവലകളിൽ ഒന്നായ കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിദേശരാജ്യങ്ങളിലെ ഗതാഗത നിയന്ത്രണ സംവിധാനം വരെ അധികൃതർ പരീക്ഷിച്ചു. കാറ്റടിച്ചാൽ റോഡിലേക്ക് മറിഞ്ഞ് വീഴാത്ത റബർ ഡിലെയ്നെറ്റർ എന്ന ആധുനിക ഡിവൈഡർ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചത്. ഇതുകൊണ്ട് ഭാഗിക നിയന്ത്രണം മാത്രമാണ് സാധ്യമായത്. രാത്രിയിൽ ബൈക്ക് യാത്രികർ ഡിവൈഡറിൽ ഇടിച്ച് പരുക്കേൽക്കുന്നതും പതിവായി. സാധാരണ രീതിയിലുള്ള ബാരിക്കേഡുകൾക്ക് പകരം നീളമേറിയ സ്ക്രൂ ഉപയോഗിച്ചാണ് ഇവ റോഡിൽ ഉറപ്പിച്ചിരിക്കുന്നത്. റിഫ്ലക്ടറുകൾ ഉണ്ടെങ്കിലും കഴുകി വൃത്തിയാക്കാത്തതിനാൽ പൂർണമായും ഫലപ്രദമല്ല.
പൊലീസിന്റെ നിയന്ത്രണത്തിൽ നടപ്പാക്കിയ ഏറ്റവും ഒടുവിലത്തെ ഗതാഗത പരിഷ്കാരമായിരുന്നു ഇത്. താരതമ്യേന ഇടുങ്ങിയ ജംക്ഷനായ കഞ്ഞിക്കുഴിയിൽ ലെയ്ൻ തെറ്റിച്ച് എത്തുന്ന വാഹനങ്ങളെ ഇത്തരം ബാരിക്കേഡുകൾ കൊണ്ട് നിയന്ത്രിക്കാനാവുമെന്ന പൊലീസിന്റെ കണക്കുകൂട്ടലാണ് പിഴച്ചത്. പരിഷ്കാരം പൂർണമായും വിജയിക്കാതായതോടെ രാവിലെയും വൈകിട്ടും തിരക്കേറിയ മറ്റു സമയങ്ങളിലും കൂടുതൽ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അവധി ദിവസങ്ങളിൽ പൊലീസിനു നിയന്ത്രിക്കാവുന്നതിലും കൂടുതലാണ് തിരക്ക്.
എന്താണ് പ്രശ്നം
യാത്രാക്ലേശം കുറയുന്നില്ല. 5 റോഡുകൾ സംഗമിക്കുന്ന ജംക്ഷനിൽ ദിവസം കഴിയുന്തോറും വാഹനത്തിരക്കിനൊപ്പം ഗതാഗതക്കുരുക്കും മുറുകുന്നു. ഗതാഗതം നിയന്ത്രിക്കുന്നതിനു സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഫലപ്രദമായില്ല. ചെറിയ അപകടങ്ങൾ മിക്കപ്പോഴും ഉണ്ടാകുന്നു. കോട്ടയത്തുനിന്നു പാമ്പാടി ഭാഗത്തേക്കുള്ള ദേശീയപാതയ്ക്ക് പുറമേ, ഇറഞ്ഞാൽ, പുതുപ്പള്ളി, ദേവലോകം റോഡുകളുടെ സംഗമസ്ഥലമാണ് കഞ്ഞിക്കുഴിക്കവല. അതിനാലാണ് സിഗ്നൽ ലൈറ്റുകൾ ഫലപ്രദമാകാത്തതെന്നു ട്രാഫിക് പൊലീസ് പറയുന്നു.
ഹയർ സെക്കൻഡറി സ്കൂളുകൾ, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ, വിവിധ ഓഫിസുകൾ എന്നിവ ജംക്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കലക്ടർ, ജില്ലാ പൊലീസ് മേധാവി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വസതിയിലേക്കുമുള്ള വഴി കഞ്ഞിക്കുഴി ജംക്ഷനിലൂടെയാണ്




