Uncategorized

പ്രവൃത്തിദിനം ആഴ്ചയിൽ 5 ആക്കണം, 27ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; അടുപ്പിച്ച് 4 ദിനം ബാങ്കുകൾ അടഞ്ഞുകിടക്കും?

ന്യൂഡൽഹി ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ 27ന് രാജ്യമാകെ ബാങ്ക് ജീവനക്കാർ പണിമുടക്കും. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 27ന് പണിമുടക്ക് നടന്നാൽ റിപബ്ലിക് ദിന അവധിയും ശനിയും ഞായറും ചേർത്ത് അടുപ്പിച്ച് 4 ദിവസം (24 മുതൽ 27 വരെ) ബാങ്കുകൾ അടഞ്ഞു കിടന്നേക്കും.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്‌ത സംഘടനയാണ് യുഎഫ്ബിയു. 2023ൽ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തത്വത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഐബിഎ ശുപാർശയിന്മേൽ കേന്ദ്ര സർക്കാർ പിന്നീട് നടപടിയെടുത്തില്ല.

പ്രവൃത്തിദിവസം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി മാർച്ചിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് യുഎഫ്ബിയു അവസാന നിമിഷം മാറ്റിവച്ചത്, ജീവനക്കാരുടെ ആവശ്യങ്ങളോട് അനുഭാവപൂർവമായി പ്രതികരിക്കാമെന്ന ഉറപ്പിന്മേലായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം അനങ്ങാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും പണിമുടക്ക് പ്രഖ്യാപനം.

വിഷയം സജീവ പരിഗണനയിലാണെന്ന പതിവു മറുപടിയാണ് ചീഫ് ലേബർ കമ്മിഷണറുടെ (സിഎൽസി) നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിൽ ധനമന്ത്രാലയം സ്ഥിരമായി നൽകിയിരുന്നത്. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന്മേൽ കേന്ദ്രം നടപടിയെടുക്കാത്ത സ്‌ഥിതിക്കാണ് ചീഫ് ലേബർ കമ്മിഷണർ (സിഎൽസി) തന്നെ ഏപ്രിലിൽ നേരിട്ട് ഇടപെട്ടത്. എന്നിട്ടും നടപടിയുണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button