ഇൻസ്റ്റഗ്രാം പരസ്യം കണ്ട് മൂക്കിന്റെ രൂപഭംഗി വർധിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്തു; ഒരു വർഷമായിട്ടും തീരാവേദനയിൽ യുവതി, കൊച്ചിയിലെ ഡോ. നമ്പ്യാർ ക്ലിനിക്കിനെതിരെ പരാതി

കൊച്ചി: കൊച്ചിയിലെ ഡോ. നമ്പ്യാർ ക്ലിനിക്കിൽ മൂക്കിന് രൂപഭംഗി വരുത്താനായി നടത്തിയ ശസ്ത്രക്രിയയിൽ പിഴവ്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷമായിട്ടും കടുത്ത വേദന തിന്ന് കഴിയുകയാണ് വയനാട് സ്വദേശിനി. ഇവരുടെ പരാതിയിൽ കടവവന്ത്ര പൊലീസ് കേസെടുത്തു.
ഇൻസ്റ്റഗ്രാം പരസ്യം കണ്ടാണ് വയനാട് സ്വദേശിനി കടവന്ത്രയിലെ നമ്പ്യാർ ക്ലിനിക്കിലെത്തിയത്. മൂക്കിന്റെ രൂപഭംഗി വർധിപ്പിക്കാനായി ഒന്നേകാൽ ലക്ഷം മുടക്കി ക്ലിനികിൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം ആരംഭിച്ച കടുത്ത വേദന ഒരു വർഷം കഴിഞ്ഞും മാറിയില്ലെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ വർഷം ജൂൺ 23 ന് ആയിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയ സമയത്ത് ഇഎൻടി സർജന്റെയോ അനസ്തേഷ്യ ഡോക്ടറുടെയോ സാന്നിധ്യമില്ലായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു. കടുത്ത വേദനയെ തുടർന്ന് യുവതി വീണ്ടും ക്ലിനിക്കിൽ എത്തിയപ്പോൾ ക്ലിനികിലെ ഡോക്ടർ വരുൺ നമ്പ്യാർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. യുവതിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേ കുറിച്ചുള്ള മീഡിയവണിന്റെ ചോദ്യത്തോട് പ്രതികരിക്കൻ നമ്പ്യാർ ക്ലിനിക് തയ്യാറായില്ല.




