24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി
Kerala

കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം അങ്ങേയറ്റം മാതൃകാപരമാണെന്നും അതു രാജ്യം പ്രത്യേകതയോടെ ശ്രദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വരണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നതായും ജനപിന്തുണയോടെ പുതിയ മാനങ്ങളിലേക്ക് ഉയരാൻ സപ്ലൈകോയ്ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനോടു ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് നേരിട്ടും മറ്റ് 24 എണ്ണം ഓൺലൈനായും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾക്കു കഴിഞ്ഞ ആറു വർഷത്തിനിടെ വില വർധിപ്പിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. അത് 2021 വരെ തുടർന്നു. ജനം അതേ സർക്കാരിനു ഭരണത്തുടർച്ച നൽകിയപ്പോൾ 2016ലെ വിലയിൽ ഒരു വർധനയും വരുത്താതെ അതു തുടരുകയാണ്. ന്യായവിലയും ഉന്നത ഗുണനിലവാരവും ഉറപ്പാക്കിയാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിനു സപ്ലൈകോ വലിയ പിന്തുണ നൽകിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത കേരളത്തിന് കോവിഡിന്റെ ആദ്യഘട്ട വ്യാപനം വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കൾ ഇവിടേയ്ക്ക് എത്തിക്കാനാകാത്ത സ്ഥിതിയുണ്ടായേക്കാമെന്ന ഘട്ടത്തിൽ ആരംഭിച്ച ‘സുഭിക്ഷ കേരളം’ പദ്ധതി പൂർണ മനസോടെ കേരളം ഏറ്റെടുത്തു. ലോക്ക്ഡൗണിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ അന്നന്ന് അധ്വാനിച്ചു കിട്ടുന്നതുകൊണ്ടു ജീവിച്ചുവരുന്ന കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലായി. ഇവർ പട്ടിണിയിലേക്കു വഴുതി വീഴുമെന്ന ദുരവസ്ഥ കണ്ടാണ് കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. അതിലൂടെ കേരളം ലോകത്തിനു മുന്നിൽത്തന്നെ മാതൃകയായി. എത്ര വലിയ ദുരിതം വന്നാലും നാട്ടിൽ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന സ്ഥിതി സൃഷ്ടിക്കാൻ കഴിഞ്ഞു. ജനകീയ ഭക്ഷണശാലകളും വലിയ വിജയമായി. 20 രൂപയ്ക്ക് ഇവിടങ്ങളിലൂടെ ഭക്ഷണം നൽകി. പണം ഇല്ലാതിരുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകി. ഇതിനു വലിയ സ്വീകാര്യത നാട്ടിൽ ലഭിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സപ്ലൈകോയിലൂടെ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ സുതാര്യമായി ജനങ്ങളിലേത്തിക്കാനുള്ള നവീന പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈകോയുടെ വിതരണ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കൽ, ഗോഡൗണുകളിൽ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂർ സൂപ്പർ മാർക്കറ്റിലെ ആദ്യ വിൽപ്പന ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ സഞ്ജീബ് പട്ജോഷി തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും

Aswathi Kottiyoor

ഇന്ന് ഗുരുജയന്തി; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷം

Aswathi Kottiyoor

ലഹരി പരസ്യത്തിന്‌ പിഴ ഇരട്ടിയാകും: കരട്‌ നിയമഭേദഗതിക്ക്‌ മന്ത്രിസഭയുടെ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox