പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം വ്യാഴാഴ്‌ച സമാപിക്കും. കിരാതമൂര്‍ത്തിയെ വണങ്ങാന്‍ കുടകരും മലയാളികളുമായി ആയിരങ്ങളെത്തി.
ചൊവ്വാഴ്‌ച കണ്ണൂര്‍ — കാസര്‍കോട് ജില്ലയിലെ വിവിധ മഠങ്ങളില്‍നിന്നെത്തിയ നെയ്യമൃതുകാര്‍ നെയ്യൊപ്പിച്ചു.
തുടര്‍ന്ന് പൂര്‍ണ പുഷ്പാജ്ഞലിയുണ്ടായി. തടത്തില്‍ക്കാവ്, ചമ്ബോച്ചേരി മടപ്പുരക്കല്‍, നല്ലൂര്‍, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളില്‍ പഴുക്കാന്‍വച്ച അടുക്കന്‍ വാഴക്കുലകളുമായി വൈകിട്ടോടെ ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച പയ്യാറ്റുവയലിലെത്തി.
ദേവസ്വം അധികൃതരും നെയ്യമൃതുകാരും കാഴ്ചയെ സ്വീകരിച്ചു.
തുടര്‍ന്ന് കാഴ്ചത്തറയില്‍ കുലകള്‍ സമര്‍പ്പിച്ചു.
ഓമനക്കാഴ്ചയെത്തിയതോടെ കുടകര്‍ മടക്കയാത്ര ആരംഭിച്ചു. പൊന്നുംപറമ്ബിലെ കുടക് സ്ഥാനത്ത് താമസിച്ചിരുന്നവര്‍ വീണ്ടും വരാമെന്ന ആചാരം ചൊല്ലി മടങ്ങി. വനത്തിലൂടെ 40 കിലോമീറ്ററോളം കാല്‍നടയായി യാത്രചെയ്താണ് കുടകര്‍ മടങ്ങുന്നത്.
ഉച്ചയ്ക്ക് താഴത്തമ്ബലത്തില്‍നിന്ന് ആനപ്പുറത്ത് തിടമ്ബെഴുന്നള്ളത്തും പിന്നീട് തിരുനൃത്തവും കോമരത്തച്ഛന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തവും നടന്നു.
ബുധന്‍ പകല്‍ 11-ന് തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്ബൂതിരിയുടെ കാര്‍മികത്വത്തില്‍ നെയ്യാട്ടം, കളഭാട്ടം, ഇളനീരാട്ടം എന്നിവ നടക്കും. ഉച്ചയ്ക്ക് അടീലൂണിനുശേഷം നെയ്യമൃത്കാര്‍ വീടുകളിലേക്ക് മടങ്ങും.