തിരുവനന്തപുരം ∙ മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലയാളം മിഷന്റെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്കു മനസ്സിലാകണം എന്നതുകൊണ്ടാണു ഭരണഭാഷ മലയാളമാക്കിയത്. നിയമപരമായി ഇംഗ്ലിഷോ മറ്റു ഭാഷകളോ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളമായിരിക്കണം.
മാറുന്ന കാലത്തിനനുസരിച്ചു മലയാള ഭാഷയെ വിപുലീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലിഷ് പദങ്ങൾക്കുള്ള പരിഭാഷ സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്നതാകണം. ഭാഷാ സൗഹൃദ സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കണം. മറ്റു ഭാഷകളെ മാറ്റിനിർത്തിയല്ല മലയാളത്തെ വളർത്തേണ്ടത്. ഭാഷാ ന്യൂനപക്ഷങ്ങളെയും സർക്കാർ ചേർത്തുപിടിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
2013ലെ തീരുമാനം
സംസ്ഥാനത്തു സർക്കാർ ജോലിക്കു മലയാളം പരിജ്ഞാനം നിർബന്ധമാക്കാനുള്ള 2013ലെ തീരുമാനം ഇതുവരെ നടപ്പായിരുന്നില്ല. ഇതിനു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ ഭേദഗതിയും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരവും വേണം. ഇതു രണ്ടുമായതിനെത്തുടർന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു കേരള സർവീസിൽ ജോലിക്കു മലയാളം പരീക്ഷ പാസാകണമെന്നു നിലവിൽ വ്യവസ്ഥയുണ്ട്. ഇതാണു മലയാളം അറിയാത്ത മലയാളികൾക്കു കൂടി ബാധകമാക്കുന്നത്.