24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓപ്പറേഷന്‍ സൈലന്‍സില്‍ കുടുങ്ങിയത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍
Kerala

ഓപ്പറേഷന്‍ സൈലന്‍സില്‍ കുടുങ്ങിയത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍

ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളില്‍ മോടികൂട്ടിയവര്‍ക്ക് പിടിവീഴുന്നു. കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുന്നവരെയും പൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇറങ്ങിക്കഴിഞ്ഞു. ‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്നാണ് പരിശോധനയുടെ പേര്. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് നാലു മണിക്കൂര്‍ നടത്തിയ വാഹനപരിശോധനയില്‍ 204 നിയമലംഘനങ്ങള്‍ കണ്ടെത്തി കേസെടുത്തു, 6.11 ലക്ഷം രൂപ പിഴയും ഈടാക്കി. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആറ് സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ കുടുങ്ങി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.

‘ഓപ്പറേഷന്‍ സൈലന്‍സറി’ല്‍ 52 എണ്ണം കുടുങ്ങി

ഇരുചക്ര വാഹനങ്ങളുടെ ശബ്ദംകൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്ത 54 യുവാക്കള്‍ക്ക് പിടിവീണു. സൈലന്‍സറില്‍ കൃത്രിമത്വം കാണിച്ചാണ് പടക്കംപൊട്ടുന്ന ശബ്ദം കേള്‍പ്പിക്കുന്നത്. 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് ഏറെയും കുടുങ്ങിയത്. പിഴ ചുമത്തിയശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലന്‍സറുകള്‍ മാറ്റി ആര്‍.ടി. ഓഫീസുകളില്‍ വാഹനം ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഇവ ശബ്ദ-വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയില്‍ 92 ഡെസിബല്‍വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. ഇത്തരം ബൈക്കുകള്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കും.

ഓപ്പറേഷന്‍ സൈലന്‍സിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനകളില്‍ 402 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിഴയായി 10,16,400 രൂപ ഇടാക്കിയിട്ടുണ്ടെവന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയവരും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. മോടികൂട്ടിയത് നീക്കംചെയ്തില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്കു കടക്കുമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയിലാണ് താരതമ്യേന കുറവ് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ദിവസത്തിനിടെ 16 ബൈക്കുകള്‍ പിടികൂടി. 96,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ അനധികൃതമായി രൂപമാറ്റംവരുത്തിയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഉപയോഗിച്ചും ഓടിയ ബൈക്കുകളാണ് പിടിച്ചത്. ശബ്ദമലിനീകരണം കുറക്കുന്നതിനായി മോട്ടോര്‍ ബൈക്കുകളുടെ അനധികൃത രൂപമാറ്റത്തിന് എതിരേയും നടപടി സ്വീകരിക്കുന്നുണ്ട്.

Related posts

കേരളം വീണ്ടും പഠന കോൺഗ്രസിലേക്ക്‌ ; ആദ്യ സെമിനാർ ഏപ്രിൽ 28 മുതൽ 30വരെ കോഴിക്കോട്ട്

Aswathi Kottiyoor

പുതുവർഷം: വിറ്റത്‌ 107.14 കോടിയുടെ മദ്യം

Aswathi Kottiyoor

ആഴക്കടലിലെ മയക്കുമരുന്നുവേട്ട ; പിടികൂടിയത്‌ അന്താരാഷ്‌ട്ര ജലപാതയിൽ നിന്നെന്ന്‌ ഐബി

Aswathi Kottiyoor
WordPress Image Lightbox