വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഓട്ടമേറ്റഡ് സ്റ്റേഷനുകള്‍ വഴിയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ നടപ്പാക്കാന്‍ വെല്ലുവിളികളും കടമ്പകളും ഏറെ. ഭാരവാഹനങ്ങള്‍ക്ക് 2023 ഏപ്രില്‍ ഒന്നു മുതലും മറ്റു വാഹനങ്ങള്‍ക്ക് ജൂണ്‍ ഒന്നു മുതലും ഇതു നിര്‍ബന്ധമാക്കാനാണ് കേന്ദ്ര വിജ്ഞാപനം.
ഓട്ടമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളില്‍ പൂര്‍ണമായും മെഷിനറി ഉപയോഗിച്ച് വാഹനങ്ങളുടെ ഇലക്ട്രിക്കല്‍, സസ്പെന്ഷന്, ബോഡി, പെയിന്റിംഗ് തുടങ്ങി ഓരോ പാര്‍ട്സും പരിശോധനാവിധേയമാക്കുന്നതിനാല് പുതിയ സംവിധാനം നിലവിലെ പരിശോധനാരീതിയേക്കാള് കുറ്റമറ്റതാകുമെങ്കില്കൂടി, കേരളത്തിന്റെ സാഹചര്യത്തില്‍ ഇതു നടപ്പാക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളുമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലപരിമിതിയാണ് പ്രധാന കടമ്പ. കേരളത്തില്‍ എണ്‍പത്തിയഞ്ചോളം ആര്‍ടിഒ, ജോയിന്റ് ആര്‍ടി ഓഫീസുകളാണുള്ളത്. ഓരോ ഓഫീസ് പരിധിയിലും സ്റ്റേഷന് വേണ്ടിവരും. കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള കൂറ്റന്‍ വാഹനങ്ങളും പരിശോധിക്കേണ്ടിവരുന്നതിനാല്‍ വലിയ തോതില്‍ ഭൂമിയും കൂറ്റന്‍ കെട്ടിടങ്ങളും ആവശ്യമായിവരും.
സ്ഥലത്തിനും കെട്ടിട നിര്‍മാണത്തിനും പരിശോധനാ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനുമുള്ള ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടികളുടെ അധിക ബാധ്യതയാവും ഏറ്റെടുക്കേണ്ടിവരിക. അതല്ലെങ്കില്‍ പിപിഇ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടിവരും. തമിഴ്നാട് നാമക്കല്ലില്‍ ലൈലാന്‍ഡുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഓട്ടമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന് സ്ഥാപിച്ചിട്ടുണ്ട്.
ഇത്രയും ഭീമമായ തുക മുടക്കി സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടിവരുന്നതിനാല് റീ ടെസ്റ്റിംഗിനും വര്‍ഷാവര്‍ഷമുള്ള പരിശോധനകള്‍ക്കും ഉള്‍പ്പെടെയുള്ള നിരക്ക് കൂട്ടാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതമാകും. നിലവിലുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ഫീസ് വാഹന ഉടമ നല്‍കേണ്ടതായിവരും.
കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമയപരിധിയാണ് മറ്റൊരു വെല്ലുവിളി. ഒന്നര വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വാഹനങ്ങളുടെയും ടെസ്റ്റിംഗ് ഓട്ടമേറ്റഡ് സ്റ്റേഷനുകള്‍ വഴിയാക്കണമെന്ന നിര്‍ദേശം ഒരു കാരണവശാലും നടക്കാന്‍ സാധ്യതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഒരുപക്ഷെ ഏതാനും ചിലയിടങ്ങളില്‍ മാത്രം സ്റ്റേഷനുകള്‍ സ്ഥാപിക്കാനായെന്നുവരാം.
ഉദ്യോഗസ്ഥര്‍ വാഹനം ഒറ്റനോട്ടത്തില്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് നിലവിലെ രീതി. വാഹനമോടിച്ചുനോക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും അമിത ജോലിഭാരവുംമൂലം കഴിയാറില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ ഇത്തരത്തില്‍ പരിശോധിക്കേണ്ടിവരുന്നതിനാല്‍ പലപ്പോഴും കാര്യക്ഷമമാകാറുമില്ല.
ഓട്ടമേറ്റഡ് സ്റ്റേഷനുകളില്‍ മെഷീനില്‍ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കൊടുക്കാന്‍ ഒരു വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ ആവശ്യമേ വരുന്നുള്ളൂ.
ആ നിലയ്ക്ക് പുതിയ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ വരുന്നത് മോട്ടോര്‍ വാഹനവകുപ്പിന് ഏറെ ഗുണകരമാണെന്നും പരാതികള്‍ കുറയാനും വാഹന ഉടമകള്‍ക്കെല്ലാം ഒരേ നീതി ലഭിക്കാനും ഇടയാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു