24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം – ജയപ്രശാന്തിന്റെ പരീക്ഷണം വൻ വിജയം
Iritty

ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം – ജയപ്രശാന്തിന്റെ പരീക്ഷണം വൻ വിജയം

ഇരിട്ടി : ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം എന്ന വ്യാപാരിയുടെ ആലോചനയും അതിൽ നടത്തിയ പരീക്ഷണവും വൻ ഹിറ്റ്. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ എന്ന സ്ഥാപന ഉടമ ജയപ്രശാന്ത് തിരക്കുപിടിച്ച ഇരിട്ടി നഗരത്തിൽ നടത്തിയ പരീക്ഷണമാണ് വൻ വിജയവും ഹിറ്റുമായി മാറിയത്. ജയപ്രശാന്തിന്റെ മാതൃക നഗരത്തിലെ മറ്റ് കച്ചവടക്കാരും പ്രവർത്തികമാക്കുകയാണെങ്കിൽ പച്ചപുതച്ച ഒരു നഗരത്തെ തന്നെ സൃഷ്ടിക്കാനാകും എന്നാണ് പ്രശാന്തിന്റെ പ്രവർത്തനം കണ്ട് അദ്ദേഹത്തെ പ്രശംസിക്കാൻ എത്തുന്നവരും പറയുന്നത്.
കെ എസ് ടി പി റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി ഇരിട്ടി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകളാണ് ജയപ്രശാന്ത് തന്റെ പരീക്ഷണ ശാലയാക്കിയത്. മഴ നിലച്ചതോടെ മഴവെള്ളത്തിൽ ഒഴുകിവന്ന് റോഡരികിൽ നിറഞ്ഞ എക്കൽ മണ്ണ് വാഹനങ്ങൾ ഓടുമ്പോൾ തീർക്കുന്ന പൊടിശല്യം ടൗണിലെ കടക്കാർക്കു ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് ഏറെ വളക്കൂറുള്ള മണ്ണാണെന്ന സുഹൃത്ത് അഡ്വ. കെ.കെ. മാത്യുവിന്റെ വാക്കുകളിൽ നിന്നാണ് തുടക്കം. ഡിവൈഡറുകളിൽ തൂക്കിയിടാൻ പറ്റുന്ന കുറച്ച് പൂച്ചട്ടികൾ വാങ്ങി . റോഡരികിൽ പൊടിശല്യം തീർക്കുന്ന മണ്ണ് മുഴുവൻ അടിച്ചുകൂട്ടി ചെടിച്ചട്ടികളിൽ നിറച്ചു. ആദ്യം ഇതിൽ ചൈനീസ് ബാംബു, മണിപ്ലാന്റ്, വിവിധതരം കളർച്ചെടികൾ എന്നിവയാണ് നട്ടത്. ചെടികൾ വളർന്ന് ആകർഷകമായ കാഴ്ച സൃഷ്ടിച്ചതോടെ കുറച്ച് ഗ്രോബാഗുകൾ വാങ്ങി ഇതിലേക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച എക്കൽ മണ്ണ് നിറച്ചു. തക്കാളി, വഴുതിന , പച്ചമുളക്, ചീര, വെണ്ട തുടങ്ങിയ പച്ചക്കറികൾ നട്ടു. സമീപത്തെ കിണറിൽ നിന്നും വെള്ളമെത്തിച്ച് ജലസേചനവും തുടങ്ങിയതോടെ ഇവയെല്ലാം തഴച്ചു വളർന്ന് നിറയെ കായ്ക്കാൻ തുടങ്ങിയതോടെ ഇത് ആകർഷകമായ ഒരു നഗരകാഴ്ചയായി മാറി. തന്റെ കടക്കുമുന്നിൽ തുടങ്ങിയ പരീക്ഷണം ഇപ്പോൾ നൂറുമീറ്ററോളം നീണ്ടു കിടക്കുകയാണ്. കാല്നടയാത്രക്കാർക്കോ വാഹനങ്ങൾക്കോ യാതൊരു പ്രശ്നവും സൃഷ്ടിക്കാതെ ഇത് ഒരു മനോഹര കാഴ്ചയായതോടെ പലരും ജയപ്രശാന്തിനെ അഭിനന്ദിച്ച് എത്താൻ തുടങ്ങി. എന്നാൽ നഗരസഭയിൽ നിന്നും ഇതുവരെ ആരെങ്കിലും വരുകയോ ഒരു നല്ലവാക്കു പറയുകയോ ചെയ്യാത്തതിലെ വിഷമം ജയപ്രശാന്ത് മറച്ചു വെക്കുന്നില്ല.
ഇത് നഗരത്തിലെ മറ്റ് വ്യാപാരികളും മാതൃകയാക്കുകയാണെങ്കിൽ ഇരിട്ടി നഗരത്തെ പച്ചപ്പിന്റെ നഗരമാക്കി മാറ്റാൻ കഴിയും എന്നാണ് ജനങ്ങളും പറയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കച്ചവടം കുറഞ്ഞ സമയത്ത് ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഏറെ മനസ്സമാധാനം തരുന്നുണ്ടെന്നും പലരും തന്നെ പ്രശംസിച്ച് മുന്നിലെത്തുമ്പോൾ ഇനിയും കൂടുതൽ ഇതുപോലുള്ള പ്രവർത്തി ചെയ്യാനുള്ള പ്രേരണ ലഭിക്കുന്നതായും ജയപ്രശാന്ത് പ്രതികരിച്ചു. പഴയ കനറാബാങ്ക് കെട്ടിടത്തിന് സമീപം ഇരിട്ടിയിലെ ജൻ ഔഷധി മെഡിക്കൽ ഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ജയപ്രശാന്തിന്റെ റിച്ചൂസ് റക്സിൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

Related posts

യുവ കലാ സാഹിതിയുടെ നേതൃത്വത്തില്‍ 2023 ജനുവരി 21 ന് ഇരിട്ടിയില്‍ നടക്കുന്ന ആയാഞ്ചേരി വല്ല്യശ്മാന്‍ എന്ന നാടകത്തിന്റ സംഘാടക സമിതി രൂപീകരണ യോഗം

Aswathi Kottiyoor

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor

മണിപ്പുരിനെ രക്ഷിക്കുക;എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ 27ന്‌

Aswathi Kottiyoor
WordPress Image Lightbox