24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു
Kerala

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

മൊബൈൽ ആപ്പിലൂടെ വായ്‌പയെടുത്ത്‌ ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു. അടുത്തകാലത്തായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരാതിയുമായി എത്തുന്നവർ കൂടിയതായി പൊലീസ് പറയുന്നു. വായ്‌പയിൽ തിരിച്ചടവ്‌ മുടങ്ങിയാൽ നഗ്നചിത്രങ്ങളടക്കം അയച്ചാണ് ഭീഷണി. പുറത്തുപറയാൻ പോലും കഴിയാത്തവിധം പലരും മാനസിക സമ്മർദത്തിലാണ്.
ഓൺലൈൻ പരസ്യങ്ങൾ, എസ്എംഎസ്, ഇ–-മെയിൽ പോലുള്ള മാർഗങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ഇവർ വായ്‌പ ആവശ്യമുള്ളവരെ കണ്ടെത്തും. വലിയ നൂലാമാലകളില്ലാതെ എളുപ്പം പണം ലഭ്യമാകുന്നതാണ്‌ ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആകർഷിക്കപ്പെടാനുള്ള മുഖ്യകാരണം. ഇത്തരം നൂറുകണക്കിന് ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്. ഇവരിൽ ഭൂരിഭാഗത്തിനും ഇന്ത്യയിലെ നിയമവ്യവസ്ഥ ബാധകമല്ല.

തിരിച്ചടവ്‌ മുടങ്ങിയതിനെത്തുടർന്ന്‌ ആസാൻലോൺ ഭീഷണിപ്പെടുത്തിയതായി കാണിച്ച്‌ അടുത്തിടെ കോങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവ് പരാതി നൽകി. വ്യക്തികൾക്ക്‌ 15,000 രൂപവരെ ഈടില്ലാതെ വായ്‌പ നൽകും. കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ തുക നൽകും. ദിവസം കണക്കാക്കിയാണ് ആപ്പിൽ പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1 ശതമാനമാണ്‌ പലിശ. വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36 ശതമാനം വരും. തിരിച്ചടവ് മണിക്കൂറുകൾ വൈകിയാൽ പോലും ഭീഷണിപ്പെടുത്തിയുള്ള മെസേജുകൾ വന്നുതുടങ്ങും. നമ്മുടെ ഫോണിലുള്ള മുഴുവൻ നമ്പറുകളിലേക്കും അശ്ലീല മെസേജുകളും ചിത്രങ്ങളും അയക്കും. ലോണെടുത്തയാളുടെ ഫോട്ടോയും അശ്ലീല വീഡിയോകളിലൂടെ പ്രചരിപ്പിക്കുന്നതും ഇവരുടെ രീതിയാണ്‌. ആപ്പുകൾ പ്രവർത്തിപ്പിക്കുന്നവരെയോ ഫോണിൽ ബന്ധപ്പെടുന്നവരെയോ തിരിച്ചറിയാനും പൊലീസിന്‌ സാധിക്കുന്നില്ല.

ആപ്പിന്റെ പ്രവർത്തനം

വായ്‌പ ലഭിക്കാൻ ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗാലറിയിലേക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേക്കും ആക്‌സസ്‌ ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും കാര്യമാക്കാറില്ല. അനുമതിയും നൽകും. ചില ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന തന്ത്രമാണ്‌ ഇതിനുപിന്നിൽ.

Related posts

വന്യജീവി ആക്രമണം തടയാൻ നിയമ ഭേദഗതി

Aswathi Kottiyoor

ദേശീയപാതയിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്നതിൽ ഉത്തരവാദി ആരെന്ന്‌ ഹൈക്കോടതി

Aswathi Kottiyoor

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി; നികുതിയേതര വരുമാനം 3135 കോടി വർധിച്ചു’

Aswathi Kottiyoor
WordPress Image Lightbox