മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി സൽമാനിൽനിന്നാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ഇന്നലെ പുലർച്ചെ 12.45ന് ദുബായിൽനിന്ന് ഗോ എയർ വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു സൽമാൻ. കസ്റ്റംസിന്റെ ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.
പിടികൂടുമ്പോൾ പേസ്റ്റ് രൂപത്തിലുള്ള സ്വർണം 810 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 723 ഗ്രാം സ്വർണമാണ് ലഭിച്ചത്. യുവാവിനെ കസ്റ്റംസ് ചോദ്യംചെയ്തു വരികയാണ്. അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ കെ.വി. രാജു, രാമൽ, ദീപക്, സൂരജ് ഗുപ്ത, സന്ദീപ് കുമാർ, വനിതാ സെർച്ചർ ലയ, അസിസ്റ്റന്റ് പി.വി. ലിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.