24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വന്ദേഭാരത്‌ വന്നാലും യാത്രയ്‌ക്ക്‌ വേഗം കൂടില്ല; ദക്ഷിണ റെയിൽവേയിൽ പരമാവധി വേഗം 110 കി.മീ
Kerala

വന്ദേഭാരത്‌ വന്നാലും യാത്രയ്‌ക്ക്‌ വേഗം കൂടില്ല; ദക്ഷിണ റെയിൽവേയിൽ പരമാവധി വേഗം 110 കി.മീ

വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ വന്നാൽ കേരളത്തിൽ ട്രെയിൻയാത്രയ്‌ക്ക്‌ വേഗമേറുമെന്ന വാദം അടിസ്ഥാനരഹിതം. ഈ ട്രെയിനുകൾക്ക്‌ 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ്‌ പറയപ്പെടുന്നതെങ്കിലും കേരളത്തിലെ പാതകളിൽ ഒരിക്കലും ഇത്‌ സാധ്യമാകില്ലെന്ന്‌ ദക്ഷിണ റെയിൽവേയുടെ സാങ്കേതികവിദഗ്‌ധർ പറയുന്നു. ദക്ഷിണ റെയിൽവേയിൽ ഒരിടത്തും ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ഓടുന്നില്ല.

കേരളത്തിൽ പാളങ്ങളുടെ ഗുണനിലവാരം, വളവുകൾ, കയറ്റിറക്കങ്ങൾ, ഉയർന്ന അളവിലുള്ള ട്രെയിൻ ഗതാഗതം തുടങ്ങിയവയാണ്‌ ട്രെയിനുകൾ വേഗത്തിലോടിക്കാൻ തടസ്സം. കേരളത്തിൽ ഷൊർണൂർ–-പാലക്കാട്‌, ഷൊർണൂർ–-മംഗലാപുരം പാതകളിലാണ്‌ ട്രെയിനുകൾക്ക്‌ ഏറ്റവും കൂടുതൽ വേഗം കൈവരിക്കാനാകുന്നത്‌. 110 കിലോമീറ്റർ വേഗത്തിൽവരെ ഇവിടെ സഞ്ചരിക്കാം. എന്നാൽ, ഗതാഗതം കൂടുതലായതിനാൽ സൂപ്പർഫാസ്‌റ്റ്‌ ട്രെയിനുകൾപോലും ഇവിടെ മിക്കപ്പോഴും 90 കിലോമീറ്റർവരെ വേഗത്തിൽ മാത്രമേ ഓടുന്നുള്ളൂ. ഷൊർണൂർ–-എറണാകുളം പാതയിൽ 90 കിലോമീറ്ററും എറണാകുളം–-കായംകുളം 80 കിലോമീറ്ററുമാണ്‌ ഉയർന്ന വേഗം. ദക്ഷിണ റെയിൽവേയുടെ തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഒരു ട്രെയിനും 110 കിലോമീറ്ററിൽ അധികം വേഗത്തിൽ ഓടുന്നില്ല. വസ്‌തുത ഇതായിരിക്കെ വന്ദേഭാരത്‌ ട്രെയിനുകൾ സിൽവർ ലൈനിനു പകരമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ റെയിൽവേയുടെ സാങ്കേതികവിദഗ്‌ധർ പറയുന്നു.
മൂന്നു വർഷത്തിനുള്ളിൽ നാനൂറോളം വന്ദേഭാരത്‌ ട്രെയിൻ ആരംഭിക്കുമെന്നാണ്‌ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചത്‌. ഇത്‌ യാഥാർഥ്യമാകുമെന്നതിനോ കേരളത്തിന്‌ ലഭിക്കുമെന്നതിനോ ഉറപ്പൊന്നുമില്ല. ബജറ്റ്‌ പ്രഖ്യാപനത്തിനുപിന്നാലെ, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി.

Related posts

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി

Aswathi Kottiyoor

ചാന്ദ്രയാൻ 3നു പിന്നാലെ സിംഗപ്പുർ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ

Aswathi Kottiyoor

വയോജനങ്ങൾക്ക് കൂടുതൽ ആശ്വാസ നടപടികളുമായി സാമൂഹ്യനീതി വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox