തൊടുപുഴ: ഇടുക്കിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നിഖില്‍ പൈലിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാവിലെ ഇടുക്കി കളക്ടറേറ്റിന് സമീപത്താണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. റോഡരികിലും മറ്റും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.
ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചശേഷം ഓടിയെന്നും ഇതിനിടെ കത്തി വലിച്ചെറിഞ്ഞെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലിയുടെ മൊഴി. ഇതനുസരിച്ചാണ് പോലീസ് സംഘം പ്രതിയെ ബുധനാഴ്ച തെളിവെടുപ്പിനെത്തിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരാണ് ധീരജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍. ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ധീരജ് വധക്കേസില്‍ ആകെ ആറുപ്രതികളുണ്ടെന്നാണ് പോലീസ് പറഞ്ഞത്.