• Home
  • Kerala
  • സംസ്ഥാനത്ത്‌ 13 ജയിൽകൂടി ; ആയിരത്തോളം തടവുകാരെ പാർപ്പിക്കാം
Kerala

സംസ്ഥാനത്ത്‌ 13 ജയിൽകൂടി ; ആയിരത്തോളം തടവുകാരെ പാർപ്പിക്കാം

സംസ്ഥാനത്ത്‌ രണ്ട്‌ ഓപ്പൺ ജയിലടക്കം 13 പുതിയ ജയിലിന്‌ പദ്ധതി. നിർമാണം പൂർത്തിയായ തവനൂർ സെൻട്രൽ ജയിലും നിർമാണം അവസാനഘട്ടത്തിലായ കൂത്തുപറമ്പ്‌ സബ്‌ ജയിലും തളിപ്പറമ്പ്‌ റൂറൽ ജില്ലാ ജയിലും ഉൾപ്പെടെയാണ്‌ ഇത്‌. മണിമല, വാഗമൺ എന്നിവിടങ്ങളിലാണ്‌ ഓപ്പൺ ജയിൽ സ്ഥാപിക്കുക. സുപ്രീംകോടതിയുടെയും ഹൈക്കോടതി റിവ്യൂ കമ്മിറ്റിയുടെയും നിർദേശപ്രകാരവും കേന്ദ്ര മാനദണ്ഡവും അനുസരിച്ചാണ്‌ കൂടുതൽ ജയിൽ ആരംഭിക്കുന്നത്‌. പുതിയ ജയിലുകളിൽ ആയിരത്തിലേറെ തടവുകാരെ പാർപ്പിക്കാനാകും. തവനൂർ സെൻട്രൽ ജയിലിൽ 550 പേരെ ഉൾക്കൊള്ളും.

വടകര റൂറൽ, മണ്ണാർക്കാട്‌, വടക്കാഞ്ചേരി, എരുമപ്പട്ടി, വയനാട്‌, ഇടുക്കി, കാട്ടാക്കട, അടൂർ–-കോന്നി എന്നിവിടങ്ങളിൽ പുതിയ ജയിൽ ആരംഭിക്കും. വടകര, മണ്ണാർക്കാട്‌ ജയിലുകൾക്ക്‌ സ്ഥലം ഏറ്റെടുത്തു. എരുമപ്പെട്ടി ജയിലിന്‌ സ്ഥലം കണ്ടെത്തി. ഇടുക്കി, വയനാട്‌, അടൂർ–-കോന്നി, കാട്ടാക്കട ജയിലുകൾക്ക്‌ സ്ഥലം കണ്ടെത്തൽ പുരോഗമിക്കുന്നു. മട്ടാഞ്ചേരി ജയിൽ സ്‌മാർട്ട്‌ സിറ്റിയുടെ ഭാഗമായി വികസിപ്പിക്കും.

പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ ഉൾപ്പെടെ സംസ്ഥാനത്ത്‌ 55 ജയിലാണ്‌ ഉള്ളത്‌. ഇതിൽ രണ്ട്‌ ഓപ്പൺ ജയിലും ഒരു ഓപ്പൺ വനിതാ ജയിലും മൂന്ന്‌ വനിതാ ജയിലും ഒരു അതീവ സുരക്ഷാ ജയിലും കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാൻ ഒരു ബോസ്റ്റൽ സ്‌കൂളുമുണ്ട്‌. ഒരു നൂറ്റാണ്ടിനുശേഷം കേരളത്തിൽ പുതിയ സെൻട്രൽ ജയിൽ തവനൂരിൽ പണി പൂർത്തിയായിട്ടുണ്ട്‌. ഇത്‌ താമസിയാതെ തുറക്കും.
നിലവിൽ ജയിലുകളിലെ ശേഷി 6017 പേരാണ്‌. പുരുഷൻ–- 5634, വനിത–- 382, ട്രാൻസ്‌ജെൻഡർ–- ഒന്ന്‌ എന്നിങ്ങനെ. എന്നാൽ, ശനിയാഴ്‌ചത്തെ കണക്കുപ്രകാരം ആകെ തടവുകാർ 8161 ആണ്‌. 966 പേർ പരോളിലാണ്‌. ബാക്കി 7195 പേർ 55 ജയിലിലായി തിങ്ങിക്കഴിയുന്നു. ഇതിൽ 147 പേർ വനിതാ തടവുകാരാണ്‌. ഇവർക്കൊപ്പം നാല്‌ കുട്ടികളുമുണ്ട്‌. തൃക്കാക്കരയിലെ ബോസ്റ്റൽ സ്‌കൂളിൽ 71 പേരുണ്ട്‌. ട്രാൻസ്‌ജെൻഡർ ഇല്ല.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ 734 തടവുകാരെയാണ്‌ പാർപ്പിക്കാനാകുക. എന്നാൽ 986 പേരുണ്ട്‌. വിയ്യൂരിൽ 560ഉം 645ഉം ആണ്‌. കണ്ണൂരിൽ 986 തടവുകാരെ പാർപ്പിക്കാമെങ്കിലും 794 പേരാണ്‌ ഉള്ളത്‌. തിരുവനന്തപുരം വനിതാ ഓപ്പൺ ജയിൽ, വനിതാ ജയിൽ, വിയ്യൂർ, കണ്ണൂർ വനിതാ ജയിൽ, മറ്റ് ജയിലുകൾ എന്നിവിടങ്ങളിൽ 428 വനിതാ തടവുകാരെ പാർപ്പിക്കാമെങ്കിലും 147 പേരാണ്‌ ഉള്ളത്‌.
റിമാൻഡ്‌, വിചാരണ തടവുകാരെ അതത്‌ ജില്ല, സ്‌പെഷ്യൽ, സബ്‌ ജയിലുകളിൽ പാർപ്പിക്കാൻ ആകാത്തതിനാലാണ്‌ സെൻട്രൽ ജയിലുകളിൽ ആളുകൾ കൂടുന്നത്‌. പൂജപ്പുര സെൻട്രൽ ജയിലിൽ 242 പേർ റിമാൻഡ്‌, വിചാരണത്തടവുകാരാണ്‌.

Related posts

കേന്ദ്ര നികുതിയിളവ്‌ പ്രഖ്യാപന തട്ടിപ്പ്‌ ; നേട്ടം എണ്ണക്കമ്പനികൾക്ക്‌

Aswathi Kottiyoor

വികസനക്കുതിപ്പിൽ സിയാൽ ; ഏഴ്‌ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോ. 2ന

Aswathi Kottiyoor

പത്തുവരിപ്പാത കേരളത്തിലേക്കും; മലയാളിക്ക് വല്ലതും കിട്ടാന്‍ കര്‍ണാടകയില്‍ ആരു ജയിക്കണം?

Aswathi Kottiyoor
WordPress Image Lightbox