24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെ–ഫോൺ പദ്ധതി ‘ടോപ് ഗിയറി’ലാക്കാൻ നിർദേശം.
Uncategorized

കെ–ഫോൺ പദ്ധതി ‘ടോപ് ഗിയറി’ലാക്കാൻ നിർദേശം.

സിൽവർലൈൻ പദ്ധതി വിവാദത്തിൽ നിൽക്കെ, കെ–ഫോൺ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സർക്കാർ നിർദേശം. ജൂണിൽ പദ്ധതി തീർക്കുന്നതിനായി ഓരോ മാസവും 3,000 കിലോമീറ്റർ വീതം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കും. 35,000 കിലോമീറ്ററിൽ കേബിൾ സ്ഥാപിക്കേണ്ടതുണ്ട്. ഇന്നലെ വരെ ഇതിൽ 14,500 കിലോമീറ്റർ പൂർത്തിയായി.

സിൽവർ ലൈൻ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ലെന്നു വാദിക്കുന്നവർ രണ്ടു വർഷം കൊണ്ടു പൂർത്തിയാകുമെന്നു പ്രഖ്യാപിച്ച കെ–ഫോൺ പദ്ധതി പൂർത്തിയാകാത്തതു ചൂണ്ടിക്കാട്ടിയിരുന്നു . ഇതോടെയാണു പദ്ധതി ‘ടോപ് ഗിയറി’ലേക്കു മാറ്റാൻ നിർദേശം. 2017 മേയിൽ ഭരണാനുമതി ലഭിക്കുകയും 2019 മാർച്ചിൽ പ്രവൃത്തി തുടങ്ങുകയും ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം നേരത്തേ ഉദ്ഘാടനം ചെയ്തെങ്കിലും പരീക്ഷണ ഘട്ടത്തിലാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ഏഴു ജില്ലകളിലായി 3019 സർക്കാർ ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമായത്. ഇതുൾപ്പെടെ സംസ്ഥാനത്താകെ 7,000 സർക്കാർ ഓഫിസുകളിൽ കെ–ഫോൺ നെറ്റ്‌വർക്കിന് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചു.

സ്കൂൾ, ആശുപത്രി, അക്ഷയ കേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ 30,000 ഓഫിസുകളിലാണ് ഇതു പൂർത്തിയാകേണ്ടത്. 375 പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) യൂണിറ്റുകളിൽ 216 എണ്ണത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 141 പ്രീ ഫാബ് ഷെൽറ്ററുകൾ പൂർത്തിയായി. നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച ഓഫിസുകളുടെ വിശദാംശം ഉൾപ്പെടുത്തിയുള്ള വെബ്സൈറ്റ് തയാറായി.

2600 കിലോമീറ്ററിലാണ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കേണ്ടത്. ഇതിൽ 2045 കിലോമീറ്റർ പൂർത്തിയായി. പദ്ധതി കമ്മിഷൻ ചെയ്യുന്നതിനൊപ്പം സർവീസ് പ്രൊവൈഡറെ ടെൻഡറിലൂടെ കണ്ടെത്തണം. ഇതിനുള്ള നടപടി വരും ദിവസങ്ങളിൽ തുടങ്ങും.

പദ്ധതി പൂർണമായി ജൂണിൽ കമ്മിഷൻ ചെയ്താലും ഏതാനും മാസങ്ങൾ കൂടി പരീക്ഷണത്തിനു ചെലവിടേണ്ടി വരും. 1,548 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുമ്പോൾ സർക്കാർ ഓഫിസുകൾക്കു പുറമേ, ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭിക്കുമെന്നാണു സർക്കാർ വാഗ്ദാനം. രണ്ടു വർഷം കൊണ്ടു പൂർത്തിയാകുമെന്നു പറഞ്ഞ പദ്ധതി വൈകിയത്, കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ നിർമാണം തടസ്സപ്പെട്ടതു കൊണ്ടാണെന്നാണു വിശദീകരണം.

Related posts

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക്

Aswathi Kottiyoor

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ നിര്യാതയായി

Aswathi Kottiyoor

ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍.

Aswathi Kottiyoor
WordPress Image Lightbox