കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരാഴ്‌ചയ്‌ക്കിടെയുണ്ടായ വൻവർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പിനുള്ള സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ കെ അറോറ പറഞ്ഞു. പ്രധാന നഗരങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന രോഗത്തില്‍ പകുതിയും ഒമിക്രോണാണ്.
മറ്റു പല രാജ്യത്തും കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നു. പരിഭ്രാന്തിയുടെ സാഹചര്യമില്ല. രാജ്യത്തെ 80 ശതമാനത്തോളം പേർക്ക് ഇതിനോടകം കോവിഡ് വന്നുപോയി. 90 ശതമാനത്തിലേറെ പേർക്ക് ആദ്യ ഡോസ് കിട്ടി. 65 ശതമാനത്തിന് രണ്ടു ഡോസും കിട്ടിയെന്നും ഡോ. അറോറ ചൂണ്ടിക്കാട്ടി.
ഫ്രാൻസിൽ പുതിയ വകഭേദം ‘ഇഹു’
ഒമിക്രോൺ പിടിയിൽ ലോകമെങ്ങും കോവിഡ് വ്യാപനം കുതിച്ചുയരവെ ഫ്രാൻസിൽ പുതിയ വകഭേദം കണ്ടെത്തി ശാസ്ത്രജ്ഞർ. മാഴ്‌സിലസ് നഗരത്തിൽ സ്ഥിരീകരിച്ച വകഭേദം ‘ഇഹു’ (ബി.1.640.2) ഒമിക്രോണിനേക്കാൾ വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നല‍്കി. വുഹാനിൽ ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാൾ 46 പ്രാവശ്യം ജനിതകവ്യതിയാനം സംഭവിച്ചതാണ് ഇഹു. ഒമിക്രോണിന് 30 പ്രാവശ്യമാണ് ജനിതകവ്യതിയാനം സംഭവിച്ചത്.
ആഫ്രിക്കൻ രാജ്യം കാമറൂണിൽനിന്ന് തിരിച്ചെത്തിയ ആൾക്ക് 2021 നവംബർ പകുതിയിലാണ് ആദ്യം ഇഹു സ്ഥിരീകരിച്ചത്. ഇതുവരെ 12 പേരില്‍ ഇഹു കണ്ടെത്തി. ഇഹു മറ്റ് രാജ്യങ്ങളിൽ സ്ഥിരീകരിക്കുകയോ ലോകാരോഗ്യ സംഘടന ഇതിനെ പഠനം ആവശ്യമായ വകഭേദമായി അംഗീകരിക്കുയോ ചെയ്തിട്ടില്ല.