കണ്ണൂർ: കേരളത്തിൽ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ വരും നാളുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രോഗ വ്യാപനമുണ്ടായാൽ പുതിയ ക്വാറന്റൈൻ നയം നടപ്പിലാക്കും. ഒമിക്രോണിന്റെ സമൂഹവ്യാപനം തടയുന്നതിനു വേണ്ടിയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ജില്ലയിൽ നൂറു സാന്പിൾ കോവിഡ് ടെസ്റ്റ് നടത്തുന്പോൾ 10 സാന്പിൾ ഒമിക്രോൺ ടെസ്റ്റിനായി അയച്ചുതുടങ്ങി.
സംസ്ഥാനത്ത് ഇതുവരെ 152 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 14 എണ്ണവും സന്പർക്കത്തിലൂടെയാണ്. കണ്ണൂർ ജില്ലയിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൃത്യമായ നിരീക്ഷണം പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ക്വാറന്റൈൻ സമയത്ത് ഇവർ പൊതുസ്ഥലം സന്ദർശിക്കാനോ പൊതുചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ല. രോഗലക്ഷണങ്ങൾ കുറവാണെങ്കിലും വ്യാപനത്തിൽ ഒമിക്രോൺ വില്ലനാണെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ഇവിടെയും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂർ ജില്ലയിൽ രോഗം വ്യാപിക്കാതിരിക്കാനും ആരോഗ്യ സംവിധാനത്തിനുമേൽ സമ്മർദം ഇല്ലാതാക്കാനും കൂടുതൽ മുൻകരുതൽ സ്വീകരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
വരും ദിവസങ്ങളിൽ
കടുത്ത നിയന്ത്രണം
അനാവശ്യയാത്രകൾ, കൂടിച്ചേരലുകൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കാനാണ് പ്രധാനമായും നിയന്ത്രണങ്ങൾ കർശനമാക്കും. മുഖാവരണങ്ങൾ കാര്യക്ഷമമായും കൃത്യമായും ഉപയോഗിക്കാത്തവരുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവ കർശനമായി പരിശോധിക്കും. പല സ്ഥാപനങ്ങളിലും സാനിറ്റൈസർ കുപ്പികൾ കാലിയാണ്. ഇവ പരിശോധിച്ച് സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കും. മുൻകാലങ്ങളിലെന്നപോലെ കോവിഡ് നിയമലംഘകർക്കെതിരേ കേസെടുക്കുന്നതിൽ പോലീസിന്റെ അയഞ്ഞ സമീപനം ഒരു പരിധിവരെ ആളുകൾ മുതലെടുക്കുന്നു.
ഗൗരവത്തോടെ കാണണം
ഒമിക്രോൺ വ്യാപനം ഗൗരവത്തോടെ കാണണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവൻ പറഞ്ഞു. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാതെയാണ് ഒമിക്രോൺ കടന്നുവരുന്നത്. ഇത് ഗൗരവതരമാണ്. ഇവ വ്യാപിക്കാൻ സാധ്യതയുണ്ട്. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഒമിക്രോണിന്റെ ഗുരുതരമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ വാർധക്യസഹജയമായ അസുഖമുള്ളവർ, കുട്ടികൾ എന്നിവർക്ക് പുതിയ വകഭേദം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.