ഡൽഹിയിൽ ഒമിക്രോൺ വൈറസ് സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ മുന്നറിയിപ്പ്. വിദേശയാത്ര ചെയ്യാത്തവർക്കും രോഗബാധ സ്ഥിരീകരിക്കുകയാണ്. ഇതിനാൽ ഒമിക്രോൺ വകഭേദം സമൂഹവ്യാപനമാകുന്നതായാണ് സൂചന നൽകുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡൽഹിയിൽ പുതിയ കോവിഡ് കേസുകളിൽ 46 ശതമാനവും ഇപ്പോൾ ഒമിക്രോൺ വൈറസാണ്. ഈ കേസുകളിൽ കേവലം 115 പേർക്ക് മാത്രമാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവർക്ക് ഇത്തരത്തിലുള്ള യാത്രാ പശ്ചാത്തലമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. നിലവില്‍ 961 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം ഡല്‍ഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.