24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തെരഞ്ഞെടുപ്പിനും ഒമിക്രോണ്‍ ആശങ്ക ; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ കൂടിയാലോചനകൾ തുടരുന്നു
Kerala

തെരഞ്ഞെടുപ്പിനും ഒമിക്രോണ്‍ ആശങ്ക ; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ കൂടിയാലോചനകൾ തുടരുന്നു

ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കണോയെന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ കൂടിയാലോചന തുടരുന്നു. തിങ്കളാഴ്‌ച ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി. നിലവിലെ രോഗസാഹചര്യം സംബന്ധിച്ച്‌ മന്ത്രാലയം കമീഷന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. രാജ്യത്ത്‌ നിലവിലുള്ള കേസുകൾ, ഒമിക്രോൺ വകഭേദം ഉയർത്തുന്ന വെല്ലുവിളി, വാക്‌സിനേഷൻ പ്രക്രിയയുടെ പുരോഗതി തുടങ്ങിയവ അടങ്ങുന്ന റിപ്പോർട്ടാണ്‌ ആരോഗ്യസെക്രട്ടറി രാജേഷ്‌ഭൂഷൺ കൈമാറിയത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത അഞ്ച്‌ സംസ്ഥാനത്തെ ഒമിക്രാൺ സാഹചര്യം മുതിർന്ന ഉദ്യോഗസ്ഥർ പ്രത്യേകം ചർച്ച ചെയ്‌തു. അടുത്ത മൂന്ന്‌ മാസം വ്യാപനം തീവ്രമാകുമോയെന്ന കമീഷന്റെ ചോദ്യത്തിന്‌ നിലവിൽ അതേക്കുറിച്ച്‌ ഒന്നും പറയാനാകില്ലെന്ന്‌ ആരോഗ്യസെക്രട്ടറി പ്രതികരിച്ചു. രോഗവ്യാപനത്തോത്‌ കണക്കിലെടുത്താൽ വരുംമാസങ്ങളിൽ പ്രതിദിനകേസുകളിൽ 25 ശതമാനത്തിന്റെ വർധന ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാസേനകളുടെ ഉന്നതഉദ്യോഗസ്ഥൻമാരുമായും തെരഞ്ഞെടുപ്പ്‌ കമീഷൻ ചർച്ച നടത്തി. അഞ്ച്‌ സംസ്ഥാനങ്ങളിൽ ലഹരിമരുന്ന്‌ തടയാൻ നടപടി സ്വീകരിക്കണമെന്ന്‌ നർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോയോടും നിർദേശിച്ചു. ഒമിക്രോൺ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കുന്നത്‌ പരിഗണിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷനോടും പ്രധാനമന്ത്രിയോടും അലഹബാദ്‌ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നിയമസഭയുടെ കാലാവധി തീരുംമുമ്പ്‌ തെരഞ്ഞെടുപ്പ്‌ നടത്തുകയെന്ന ഭരണഘടനാബാധ്യത നിറവേറ്റേണ്ടതിനാൽ നീട്ടിവയ്‌ക്കുന്നതിൽ പരിമിതിയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്‌. പഞ്ചാബ്‌, ഗോവ, ഉത്തരാഖണ്ഡ്‌, മണിപ്പുർ നിയമസഭകളുടെ കാലാവധി വരുന്ന മാർച്ചിലും ഉത്തർപ്രദേശ്‌ നിയമസഭയുടെ കാലാവധി മേയിലും അവസാനിക്കും. ഉടൻ തെരഞ്ഞെടുപ്പ്‌ തിയതികൾ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷ. ചൊവ്വാഴ്‌ച കമീഷൻ പ്രതിനിധികൾ ഉത്തർപ്രദേശ്‌ സന്ദർശിച്ച്‌ തയ്യാറെടുപ്പുകൾ വിലയിരുത്തും. ഇതിനുശേഷം തീരുമാനമെടുക്കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുശീൽചന്ദ്ര ഡെറാഡൂണിൽ പ്രതികരിച്ചു.

Related posts

സ്വര്‍ണവില വര്‍ധിച്ചു

Aswathi Kottiyoor

ചക്രവാതച്ചുഴി; ഇടുക്കിയിലും പാലക്കാട്ടും മഞ്ഞ അലർട്ട്‌

Aswathi Kottiyoor

സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന് ഇന്നു (02 ഒക്ടോബർ) തുടക്കം

Aswathi Kottiyoor
WordPress Image Lightbox