24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടാൻ പുതിയ മാർഗരേഖ; സംസ്ഥാന സർക്കാരുകളുടെ ഭൂമി തിരിച്ചുനൽകും
Kerala

പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടാൻ പുതിയ മാർഗരേഖ; സംസ്ഥാന സർക്കാരുകളുടെ ഭൂമി തിരിച്ചുനൽകും

ആവശ്യമില്ലാത്ത പൊതുമേഖലാസ്ഥാപനങ്ങൾ പൂട്ടാനുള്ള പുതുക്കിയ മാർഗരേഖ കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കി. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ നിർദേശപ്രകാരം ഡയറക്ടർ പ്രമോദ്കുമാർ സാഹ ഉദ്യോഗസ്ഥർക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് എന്നിവർക്കും 45 മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കുമാണ് കത്തയച്ചത്. പൊതുമേഖലാസ്ഥാപനങ്ങൾ പൂട്ടുന്നതിനുള്ള നടപടിക്രമങ്ങളും വിശദ മാർഗനിർദേശങ്ങളും അടങ്ങിയ ഉത്തരവിൽ ഏഴുമാസത്തിനുള്ളിൽ പൂട്ടൽ പ്രക്രിയ നിർവഹിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പട്ടികയിൽനിന്ന് കമ്പനിയുടെ പേരുനീക്കാൻ അധികമായി 45 ദിവസവും അനുവദിക്കും. ഇതുസംബന്ധിച്ച് നേരത്തേ ഇറക്കിയ ഉത്തരവുകളെല്ലാം ഇതോടെ റദ്ദായതായും ധനകാര്യ ഡയറക്ടർ വ്യക്തമാക്കി.

ആറ്റോമിക് എനർജി, ബഹിരാകാശം, പ്രതിരോധം, ഗതാഗതം-വാർത്താവിതരണം, ഊർജം, പെട്രോളിയം, കൽക്കരി, മറ്റു ധാതുക്കൾ, ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യസേവനം എന്നീ മേഖലയിലെ വളരെ കുറച്ചു സ്ഥാപനങ്ങൾമാത്രം നിലനിർത്തുമെന്ന് ഉത്തരവിൽ പറഞ്ഞു. ബാക്കിയുള്ളവയിൽ ദേശീയ ധനസമാഹരണപദ്ധതിക്കായി (നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ) സ്വകാര്യവത്കരിക്കുന്നതിനു പുറമേയുള്ളവ പൂട്ടും. ഏതൊക്കെയാണ് പൂട്ടേണ്ടതെന്ന് കണ്ടെത്താനുള്ള ചുമതല പൊതുമേഖലാസ്ഥാപന വകുപ്പിനാണ് (ഡി.പി.ഇ.). വിവിധ മന്ത്രാലയങ്ങളും ചെലവ് വകുപ്പ്, നിക്ഷേപ-പൊതു ആസ്തി നിയന്ത്രണ വകുപ്പ് എന്നീ വകുപ്പുകളും നിതി ആയോഗുമായി കൂടിയാലോചിച്ച് പൂട്ടേണ്ട സ്ഥാപനങ്ങളുടെ പട്ടിക ഡി.പി.ഇ. തയ്യാറാക്കണം. പൂട്ടുന്നതിനുള്ള കരടു പ്രക്രിയാരേഖ മൂന്നുമാസത്തിനുള്ളിൽ തയ്യാറാക്കി അംഗീകാരത്തിനായി സാമ്പത്തികകാര്യ കാബിനറ്റ് സമിതിക്ക് സമർപ്പിക്കണം.

സ്ഥാപനത്തിന്റെ കുടിശ്ശിക, നികുതി, മറ്റുബാധ്യതകൾ, സ്ഥാവര-ജംഗമ വസ്തുക്കൾ, ജീവനക്കാരുടെ വേതനം, ആനുകൂല്യം തുടങ്ങിയവയുടെ വിശദ വിവരങ്ങൾ ഇതിലുണ്ടാവണം. സമിതി ഇതംഗീകരിച്ചാലുടൻ രണ്ടുമാസത്തിനുള്ളിൽ പൂട്ടൽ നടപടി പൂർത്തിയാക്കാൻ ഡി.പി.ഇ. മന്ത്രാലയതല സമിതി (ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി) രൂപവത്കരിക്കണം. പൂട്ടുന്നതിനാവശ്യമായ ബജറ്റുവിഹിതം നിശ്ചയിക്കൽ, ഫണ്ടനുവദിപ്പിക്കൽ, ചലിക്കുന്ന ആസ്തികളുടെയും (ഉപകരണങ്ങൾ തുടങ്ങിയവ), ചലിക്കാത്ത ആസ്തികളുടെയും (ഭൂമി, കെട്ടിടം തുടങ്ങിയവ) മൂല്യം നിശ്ചയിക്കൽ, ബാധ്യതകൾ കണ്ടെത്തൽ, പൂട്ടൽ നോട്ടീസ് നൽകൽ, ജീവനക്കാരുടെയും മറ്റുകടക്കാരുടെയും ബാധ്യതകൾ തീർക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി അടുത്ത രണ്ടുമാസത്തിനുള്ളിൽ തീർക്കണം. തുടർന്ന് കമ്പനിയുടെ പേര് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പട്ടികയിൽനിന്ന് നീക്കാൻ 45 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

സംസ്ഥാന സർക്കാരുകളുടെ ഭൂമി തിരിച്ചുനൽകും; ജീവനക്കാർക്ക് വി.ആർ.എസ്.

പൂട്ടൽപ്രക്രിയ നോട്ട് ധനകാര്യ കാബിനറ്റ് സമിതി അംഗീകരിച്ചാലുടൻ പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂമിയും കെട്ടിടങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കാലതാമസം ഒഴിവാക്കുന്നതിനാണിതെന്ന് ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സംസ്ഥാനസർക്കാരുകളിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമി നഷ്ടപരിഹാരം ആവശ്യപ്പെടാതെ (കരാറിൽ പറയുന്നില്ലെങ്കിൽ) തിരിച്ചുനൽകണം. സ്വന്തം കൈവശമുള്ള ഭൂമി സ്വകാര്യവത്കരണത്തിനും പൂട്ടലിനുമായി ഡി.പി.ഇ. തയ്യാറാക്കിയ പ്രത്യേക ലക്ഷ്യ സംവിധാനത്തിനുകീഴിലാക്കും. നേരത്തേ നിയമിക്കപ്പെട്ട ഭൂമി നിയന്ത്രണ ഏജൻസിക്കും ചുമതല നൽകും. ബന്ധപ്പെട്ട മന്ത്രാലയത്തിലെ സെക്രട്ടറിമാർ ഇതു നിരീക്ഷിക്കും. ജീവനക്കാർക്ക് വി.ആർ.എസ്. സൗകര്യമടക്കം ഉണ്ടാകും.

Related posts

ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരും: ഹൈക്കോടതിയിൽ സര്‍ക്കാര്‍

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ് ബോ​ട്ട് മു​ങ്ങി; ആ​ന്ധ്രാ സ്വ​ദേ​ശി മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox