22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ
Kerala

സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ

കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാർഷിക വരുമാനം 6,500 കോടി രൂപയിൽ നിന്ന് 7,000 കോടി രൂപയിലെത്തിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ.
ക്രിസ്തുമസ് പുതുവത്‌സര മെട്രോ ഫെയർ 2021ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
വാർഷിക വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി സാരമായ മാറ്റങ്ങൾ സപ്ലൈകോയിൽ വരും. സംസ്ഥാനത്താകെയുള്ള 1,625 വിൽപനശാലകളിലൂടെ പൊതുവിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാനും ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ഉത്സവകാലത്ത് എല്ലാ വിഭാഗം ജനങ്ങളിലെത്തിക്കാനും വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.
വില വർദ്ധനവ് കണക്കിലെടുത്ത് 13 ഉത്പന്നങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് 2016 ലെ വിലയ്ക്ക് പൊതുജനങ്ങൾക്ക് മെട്രോ ഫെയറിൽ വാങ്ങാൻ കഴിയും. 39 ഉത്പന്നങ്ങളുടെ വില വിപണി വിലയെക്കാൾ കുറവാണ്. ഉത്പന്നങ്ങളുടെ ഗുണമേൻമ ഉറപ്പാക്കാൻ വലിയ പരിശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെൻഡർ വിളിക്കുന്ന സാമ്പിളുകളുടെ ഒരു ഭാഗം മന്ത്രിയുടെ ഓഫീസിൽ എത്തിച്ച് പരിശോധിക്കുന്നുണ്ട്. വിതരണ സമയത്ത് നിലവാരം കുറഞ്ഞാൽ നടപടിയെടുക്കും.
തൃശ്ശൂരിൽ തുടങ്ങിയ ഓൺലൈൻ വില്പന മാർച്ച് മാസമാകുന്നതോടെ എല്ലാ നഗരങ്ങളിലും നടപ്പാക്കും. വിപണി ഇടപെടലിന് പ്രതിവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. ഇ-ടെണ്ടർ, ഇ-ലേലം എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് നാഫെഡ് മുഖേന ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് അവശ്യ സാധനങ്ങൾ സംഭരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റത്തെ തടഞ്ഞ് നിർത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രിസ്തുമസിനോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അര ലിറ്റർ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പെർമിറ്റുള്ള മത്സ്യ ത്തൊഴിലാളികൾക്ക് ഈ മാസത്തെ മണ്ണെണ്ണ വിഹിതം പൂർണ്ണമായു വിതരണം ചെയ്യുന്നതിനു വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൊതു വിപണിയേക്കാൾ 40 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷ്യ ധാന്യങ്ങളും ശബരി ഉത്പന്നങ്ങളും സപ്ലൈകോ വഴി വിൽപ്പന നടത്തുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ വിൽപ്പന നടത്തുന്ന സാധനങ്ങളുടെ ഗുണ നിലാവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന കർശനമാക്കും. ഫെയറുകളിൽ ഹോർട്ടികോർപ്പിലൂടെ വിൽപ്പന നടത്തുന്ന പച്ചക്കറികൾക്ക് വിപണി വിലയേക്കാൾ വലിയ വില വ്യത്യാസം ഉണ്ട്. ഒരു കിലോ തക്കാളി 50 രൂപയ്ക്കാണ് ഫെയറിലൂടെ വിൽപ്പന നടത്തുന്നത്. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ കുടുംബശ്രീ, മിൽമ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ലഭ്യമാണ്.
ജനുവരി 5 വരെ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ സപ്ലൈകോ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
വിപണിയിൽ വിലക്കയറ്റം തടയുന്നതിനും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുവാനും സപ്ലൈകോ മുഖ്യപങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
മെട്രോ ഫയറിൽ ഒറ്റത്തവണ ഏറ്റവുമധികം വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഒരു പുരുഷനും ഒരു സ്ത്രീക്കും 5,000 രൂപയുടെ ക്യാഷ് പ്രൈസ് നൽകും.
തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു, സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ പട്‌ജോഷി എന്നിവർ പങ്കെടുത്തു.

Related posts

ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

വ്യവസായമേഖല : 45 വകുപ്പുകളിൽ ഭേദഗതിക്ക്‌ ശുപാർശ ; ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കുമെന്ന്‌ മന്ത്രി

Aswathi Kottiyoor

*കെഎസ്ആർടിസിയെ നന്നാക്കും; മേൽനോട്ടത്തിനും പരിശീലനത്തിനും പ്രഫഷനൽ സംഘം.*

Aswathi Kottiyoor
WordPress Image Lightbox