22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഭാര്യമാർക്കു തുല്യ പരിഗണന നൽകുന്നില്ലെങ്കിൽ വിവാഹമോചനമാകാം.
Kerala

ഭാര്യമാർക്കു തുല്യ പരിഗണന നൽകുന്നില്ലെങ്കിൽ വിവാഹമോചനമാകാം.

ഒന്നിലേറെ വിവാഹം കഴിക്കുന്ന മുസ്‌ലിം ഭർത്താവ് ഭാര്യമാർക്കു തുല്യ പരിഗണന നൽകി സംരക്ഷിക്കുന്നില്ലെങ്കിൽ വിവാഹ മോചനം അനുവദിക്കാൻ മതിയായ കാരണമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഒരു വിവാഹം നിലനിൽക്കെ മറ്റൊരാളെ വിവാഹം ചെയ്താൽ ഇരുവരെയും ഒരുപോലെ സംരക്ഷിക്കണമെന്നു ഖുർആൻ അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ മോചനം നടത്താതെ രണ്ടാമതു വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി വർഷങ്ങളോളം അകന്നു ജീവിക്കുന്നതും തുല്യപരിഗണന നൽകാതിരിക്കുന്നതും മുസ്‌ലിം വിവാഹ മോചന നിയമത്തിലെ 2(8) (എഫ്) വകുപ്പ് അനുസരിച്ച് വിവാഹ മോചനത്തിനു കാരണമാണെന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

1991 ൽ വിവാഹിതയായ തലശ്ശേരി സ്വദേശിനി വിവാഹ മോചനം ആവശ്യപ്പെട്ട് തലശ്ശേരി കുടുംബക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണു ഹൈക്കോടതിയിലെത്തിയത്. 3 മക്കളുണ്ട്. 2 മക്കളുടെ വിവാഹം നടന്നു. 2014 മുതൽ ഭർത്താവു വരാറില്ലെന്നും 3 വർഷമായി ദാമ്പത്യ ബന്ധത്തിലെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും 2 വർഷമായി ചെലവിനു നൽകുന്നില്ലെന്നും ഹർജിക്കാരി അറിയിച്ചു.

തുല്യപരിഗണന നൽകിയെന്നു തെളിയിക്കേണ്ട ബാധ്യത ഭർത്താവിനാണ്. 5 വർഷമായി അകന്നു കഴിയുന്നതിൽ നിന്ന് തുല്യ പരിഗണന നൽകുന്നില്ലെന്നു വ്യക്തം. ചെലവിനു നൽകിയതിനാൽ വൈവാഹിക ഉത്തരവാദിത്തം നിർവഹിച്ചതായി കണക്കാക്കാമെന്നുള്ള കുടുംബക്കോടതിയുടെ ഉത്തരവു തെറ്റാണെന്നും കോടതി വിലയിരുത്തി. കൂടെ താമസിക്കാത്തതും വൈവാഹിക കടമകൾ നിർവഹിക്കാത്തതും ഖുർആൻ അനുശാസനങ്ങളുടെ ലംഘനമാണ്. കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹർജിക്കാരിക്കു വിവാഹ മോചനം അനുവദിച്ചു.

Related posts

ഇന്ധന വിലയിൽ ഇന്നും വർധന.

Aswathi Kottiyoor

വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Aswathi Kottiyoor

റോഡ് ക്യാമറ വഴി പിഴ ലക്ഷ്യമിട്ടത് 4 വർഷത്തിൽ 462 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox