സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാൻ നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് മന്ത്രി വി.ശിവൻകുട്ടി കത്തയച്ചു.
സിബിഎസ്ഇ 10, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിവരണാത്മക പരീക്ഷയാണ് സിബിഎസ്ഇ മുൻകാലങ്ങളിൽ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവൻ മാർക്കും നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഉത്തരമായി നിർദേശിച്ചതിൽ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. കേരളം ഉൾപ്പെടുന്ന സോണിൽ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നതെന്നും വിദ്യാർഥികൾ പരാതി പറയുന്നു.
വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങൾ റദ്ദു ചെയ്ത് ചോദ്യങ്ങൾക്കുള്ള മാർക്ക് കുട്ടികൾക്ക് നൽകണം. കോവിഡ് കാലമായതിനാൽ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ലഭിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിർണയ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.