മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെയും അശാസ്‌ത്രീയമായും ജലം തുറന്നുവിടരുതെന്ന് തമിഴ്‌നാടിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. രാത്രി വൈകിയും പുലർച്ചെയും കൃത്യമായ മുന്നറിയിപ്പ് നൽകാതെയും സാവകാശമില്ലാതെയും ജലം തുറന്നുവിട്ടത് കാരണം അണക്കെട്ടിന് താഴെയുള്ള ജനങ്ങൾക്ക് വലിയ നാശനഷ്ടങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നു.
തമിഴ്‌നാട് സർക്കാരോ മേൽനോട്ടസമിതിയോ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകൾ പാലിക്കുന്നില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സുപ്രീംകോടതി അടിയന്തരമായി ഇടപെടണം. ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും രണ്ട് അംഗങ്ങൾ വീതമുള്ള സംയുക്ത സാങ്കേതിക സമിതി രൂപീകരിക്കണം. ദിവസം മുഴുവൻ വെള്ളം ചെറിയതോതിൽ തുറന്നുവിട്ട് രാത്രികളിൽ വൻതോതിൽ ജലം പുറത്തുവിടുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാടിന് നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ തമിഴ്‌നാട് പരിഗണിച്ചില്ല
മുല്ലപ്പെരിയാറിൽ നിന്ന് ജലം ഒഴുക്കി വിടുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് പരിഗണിച്ചില്ലെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞു. രാത്രിയിൽ ജലം ഒഴുക്കിവിടുന്നത് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് കേരള മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ സ്‌പിൽവേ ഷട്ടർ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി ടി കെ ജോസ് മുല്ലപ്പെരിയാർ മേൽനോട്ടസമിതി ചെയർമാൻ ഗുൽഷൻരാജിനും കത്ത് നൽകി. മുൻകരുതൽ നടപടിക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കലക്ടർ തേനി കലക്ടർക്കും കത്തയച്ചു. ഇതൊന്നും പരിഗണിക്കാത്തതിനെ തുടർന്ന് ചീഫ്‌സെക്രട്ടറി ഡോ. വി പി ജോയി ഡിസംബർ ഏഴിന് തമിഴ്‌നാട് ചീഫ്‌സെക്രട്ടറിക്ക് ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളും ആശങ്കകളും വിശദീകരിച്ച് കത്ത് നൽകി.