25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഓക്‌സിജന്‍ കരുതല്‍ ശേഖരം പര്യാപ്‌തം ; സജ്ജമാക്കിയത് 42 ജനറേറ്ററുകള്‍: മന്ത്രി വീണാ ജോർജ്‌
Kerala

ഓക്‌സിജന്‍ കരുതല്‍ ശേഖരം പര്യാപ്‌തം ; സജ്ജമാക്കിയത് 42 ജനറേറ്ററുകള്‍: മന്ത്രി വീണാ ജോർജ്‌

സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. ഇപ്പോള്‍ പ്രതിദിനം 65 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ആവശ്യമായി വരുന്നത്. സംസ്ഥാനം ഓക്‌സിജനില്‍ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. മാത്രമല്ല അധികമായി കരുതല്‍ ശേഖരവുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ ഇവ ഉറപ്പുവരുത്തിയത്‌.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മുമ്പ് 4 ഓക്‌സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 38 ഓക്‌സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. ഇതിലൂടെ പ്രതിദിനം 89.93 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഇതുകൂടാതെ 18 ഓക്‌സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതിലൂടെ 29.63 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി ഉത്പാദിപ്പിക്കാന്‍ കഴിയും.

14 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്. ഇതിലൂടെ 65 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിദിനം 207.5 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1802.72 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 174.72 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 3107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്. അതില്‍ 267 ഐസിയു കിടക്കകളിലും 77 വെന്റിലേറ്ററുകളിലും മാത്രമാണ് കോവിഡ് രോഗികളുള്ളത്. 983 ഐസിയു കിടക്കകളിലും 219 വെന്റിലേറ്ററുകളിലും നോണ്‍ കോവിഡ് രോഗികളുമുണ്ട്. ഐ.സി.യു. കിടക്കകളുടെ 40.2 ശതമാനവും വെന്റിലേറ്ററുകളിലെ 12.9 ശതമാനം മാത്രവുമാണ് ആകെ രോഗികളുള്ളത്.

ഇതുകൂടാതെ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ കുറവുണ്ടായാല്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related posts

38 ദിവസം, 17 കിലോമീറ്റർ… വാഗമൺ – ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂർത്തിയായി

Aswathi Kottiyoor

കെ ഫോൺ സേവനങ്ങൾക്ക് അപ്ഡേഷൻ പൂർത്തിയാക്കണം

Aswathi Kottiyoor

യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox