മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍ക്കെതിരേ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. അശാസ്ത്രീയമായ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം.
മുന്നാക്ക വിഭാഗത്തിലെ എല്ലാവരുടെയും വീട് സന്ദര്‍ശിച്ച് സര്‍വേ നടത്തുന്നില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ചു വീടുകളില്‍ മാത്രമാണ് സര്‍വേ നടത്തുന്നതെന്നും ഹര്‍ജി പറയുന്നു.
ഇത്തരത്തില്‍ വിവര ശേഖരണം നടത്തുന്നത് സമഗ്രമാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. മാത്രമല്ല സര്‍വേയ്ക്ക് നിയോഗിച്ചിരിക്കുന്നവരുടെ യോഗ്യത സംബന്ധിച്ചും ഹര്‍ജിയില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കുടുംബശ്രീയെ ഉപയോഗിച്ചാണ് സര്‍വേ നടപടിക്ക് ശ്രമം നടത്തുന്നതെന്നും എന്നാല്‍ സെന്‍സസ് എടുക്കുന്ന തരത്തില്‍ മതിയായ യോഗ്യതയുള്ളവരെ ഉപയോഗിച്ച് വിവര ശേഖരണം നടത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കുടുംബശ്രീയെ സര്‍വേ നടപടികള്‍ക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേയും ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.