ഇരിട്ടി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലും പദ്ധതി പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തെ ബാധിച്ചതിനാലും കഴിഞ്ഞ തിങ്കളാഴ്ച അടച്ച പഴശ്ശി പദ്ധതിയുടെ ആറു ഷട്ടറുകൾ വെള്ളിയാഴ്ച്ച ഭാഗികമായി തുറന്നു. കുടിവെള്ളത്തിനായി നവംബർ അവസാന വാരം ഷട്ടർ അടച്ച് വെള്ളം സംഭരിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പദ്ധതിയുടെ ഷട്ടർ അടച്ചത്. അടയ്ക്കുന്ന സമയത്ത് പദ്ധതിയിൽ 14.13 വെള്ളമാണ് ഉണ്ടായിരുന്നത്. നാലുദിവസം കൊണ്ട് 22.7 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നു.ഇതേ നില തുടർന്നാൽ മൂന്ന് നാല് ദിവസം കൊണ്ട് ഫുൾ റിസർവോയർ ലെവൽ വെളളം എത്തും.
പുഴയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും പദ്ധതിയുടെ വ്യഷ്ടി പ്രദേശങ്ങളിൽ ഇടയ്്ക്കിടെ പെയ്യുന്ന മഴയും കണക്കിലെടുത്ത് ഷട്ടർ തുറക്കുകയായിരുന്നു. കൂടാതെ കല്ലുമുട്ടിയിൽ പദ്ധതിയുടെ സംരക്ഷണ ഭിത്തി നിർമ്മാണം തടസ്സപ്പെടുകയും ചെയ്തു. ഇതോടെയാണ് വെളളം തുറന്നു വിട്ടത്. ഒരാഴ്ച്ച വരെ സംഭരണിയിൽ 19മീറ്ററായി ജലനിരപ്പ് ക്രമപ്പെടുത്തുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എ്ഞ്ചിനീയർ അറിയിച്ചു.
ഉച്ചക്ക് ഒരുമണിയോടെയാണ് ഷട്ടർ തുറന്നത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ജലനിരപ്പ് താഴാഞ്ഞതിനെ തുടർന്ന് ഷട്ടർ വീണ്ടും ഉയർത്തി. പദ്ധതിയുടെ സംഭരണ ശേഷി 26.52 മീറ്ററാണ്. ഇക്കൂറി മഴ മാറി നില്ക്കാഞ്ഞതാണ് ജലനിരപ്പ് റിക്കാഡ് വേഗത്തിൽ ഉയരുന്നതിനിടയാക്കിയത്.