ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തു കോവിഡ് വാക്സീൻ എടുക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 23 മുതൽ 26 വരെ 4.4 ലക്ഷം പേരാണു വാക്സീൻ എടുത്തതെങ്കിൽ പിന്നീടുള്ള 4 ദിവസം 6.25 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചു. ഈ ദിവസങ്ങൾക്കിടെ ആദ്യ ഡോസ് വാക്സിനേഷൻ 36,428ൽ നിന്ന് 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷത്തിൽ നിന്ന് 5.67 ലക്ഷമായും വർധിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഒമിക്രോൺ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞവും തുടങ്ങി. വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ കണ്ടെത്തുകയാണു ലക്ഷ്യം. സംസ്ഥാനത്ത് 96.3% (2,57,04,744) പേർക്ക് ആദ്യ ഡോസ് വാക്സീനും 65.5% പേർക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സീനും നൽകി. 8 ലക്ഷത്തോളം ഡോസ് സ്റ്റോക്കുണ്ട്. കൂടുതൽ വാക്സീൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.