സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ എ.സി. ലോ ഫ്‌ളോര്‍ ബസുകളില്‍ പകുതിയും കട്ടപ്പുറത്ത്. ഡിപ്പോകളിലും ഗാരേജിലുമായി 128 ലോ ഫ്‌ലോര്‍ ബസുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കിടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ മാസത്തെ കണക്ക്. ഇതില്‍ 85-ഉം എ.സി. ലോ ഫ്‌ളോര്‍ ബസുകളാണ്. കോര്‍പ്പറേഷന് ആകെയുള്ള എ.സി. ലോ ഫ്‌ളോര്‍ ബസുകളുടെ പകുതിയോളം വരും ഇത്.
വില കുറവുള്ളതും നിരന്തരം ആവശ്യം വരുന്നതുമായ കുറച്ച് സ്‌പെയര്‍പാര്‍ട്സ് മാത്രമേ വോള്‍വോ ബസുകളുടേതായി കെ.എസ്.ആര്‍.ടി.സി. സ്റ്റോക്ക് ചെയ്യുന്നുള്ളൂ. മറ്റ് സ്‌പെയര്‍പാര്‍ട്സുകള്‍ വേണ്ടി വന്നാല്‍ ബസുകള്‍ കട്ടപ്പുറത്തേക്ക് പോകും. കോവിഡ് സാഹചര്യത്തില്‍ എ.സി. ലോ ഫ്‌ളോര്‍ ബസുകളോട് യാത്രക്കാര്‍ക്ക് താത്പര്യം കുറവായിരുന്നു.
അതിനാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ വിലയേറിയ സ്‌പെയര്‍ പാര്‍ട്സ് വാങ്ങി ഇവ നന്നാക്കാന്‍ തിരക്കു കൂട്ടേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. യുടെ നിലപാട്. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ബസുകളാകട്ടെ മാസങ്ങളോളം ഓടിക്കാതെ ഇടുന്നതോടെ ഇവ വീണ്ടും സര്‍വീസ് നടത്തണമെങ്കില്‍ ഏറെ പണം മുടക്കി അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയുമാണ്.
ലോ ഫ്‌ളോര്‍ ബസുകള്‍ ഡിപ്പോകളില്‍ കിടന്ന് നശിക്കുന്നതായുള്ള വാര്‍ത്തകള്‍ നിരവധി തവണ വന്നെങ്കിലും നടപടിയെടുക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍. എന്നാല്‍, ഇതിനിടെ 250 ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള ശ്രമം കോര്‍പ്പറേഷന്‍ നടത്തുന്നുമുണ്ട്.
നഗരങ്ങളില്‍ ലോ ഫ്‌ളോര്‍ ബസുകള്‍ ഉപയോഗിച്ച് സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രതീക്ഷ. എന്നാല്‍, ഇത് തുടങ്ങുമ്പോഴേക്കും എത്ര ലോ ഫ്‌ളോര്‍ ബസുകള്‍ ബാക്കിയാകുമെന്ന് കണ്ടറിയണം.