റോഡുകളും ഫുട്പാത്തുകളും കൈയേറി പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരു സംഘടനയെയും അനുവദിക്കരുതെന്ന് ഹൈക്കോടതി.
മണ്ഡല -മകരവിളക്കു സീസണ് തുടങ്ങിയ സാഹചര്യത്തില്‍ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് തേടണമെന്ന ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
നടപ്പാതകളിലെ കൈയേറ്റം ഒഴിവാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. അംഗപരിമിതരടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. റോഡുകളിലും നടപ്പാതകളിലും താത്കാലിക പന്തല്‍ കെട്ടിയുള്ള യോഗങ്ങള്‍ക്കു പോലും അനുമതി നല്‍കുന്നുണ്ട്. ഇവയൊന്നും പാടില്ലെന്നു സുപ്രീം കോടതിയുള്‍പ്പെടെ നിര്‍ദേശിച്ചിട്ടുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.