രാജ്യത്തെ നഗരങ്ങളിലെ സുസ്ഥിരവികസന സൂചികയിൽ മുൻനിരയിൽ തിരുവനന്തപുരവും കൊച്ചിയും. തിരുവനന്തപുരം നഗരത്തിന് മൂന്നാം സ്ഥാനവും, കൊച്ചി നഗരത്തിന് അഞ്ചാംസ്ഥാനവുമാണ്. കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് തയ്യാറാക്കിയ 2021- 22ലെ സൂചികയിൽ ആദ്യ 10 നഗരങ്ങളിൽ ഉൾപ്പെട്ടത് നഗരങ്ങൾക്ക് അപൂർവനേട്ടമാണ്. ഷിംല, കോയമ്പത്തൂർ, ചണ്ഡീഗഢ്, തിരുവനന്തപുരം എന്നിവയാണ് ആദ്യത്തെ മൂന്നു നഗരങ്ങൾ. പനജി, പുണെ, തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്, നാഗ്‌പുർ എന്നിവയാണ് ആദ്യത്തെ പത്തിലുള്ള മറ്റു നഗരങ്ങൾ.
സൂചികയിൽ 70 ശതമാനത്തിനും 75.5 ശതമാനത്തിനുമിടയിൽ സ്കോർ ലഭിച്ച നഗരങ്ങൾ നല്ല പുരോഗതി കൈവരിച്ചെന്നാണ് കണക്കാക്കുന്നത്. ഷിംലയ്ക്ക് ലഭിച്ച സ്കോർ 75.5 ആണ്. തിരുവനന്തപുരത്തിന് 72.4-ഉം കൊച്ചിക്ക് 72.3-ഉം.
2030ൽ നഗരങ്ങൾ കൈവരിക്കേണ്ട 46 വികസനലക്ഷ്യങ്ങളിൽ ഓരോ നഗരവും ഏതുവരെ എത്തിയെന്ന് പരിശോധിച്ച് നിതി ആയോഗ് ആദ്യമായാണ് ഇത്തരമൊരു റാങ്ക് പ്രസിദ്ധീകരിച്ചത്. ദേശീയ പൊതുജനാരോഗ്യ സർവേ, ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്കുകൾ എന്നിവ ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന മന്ത്രാലയങ്ങളുടെ വിവിധ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് സ്‌കോർ തയ്യാറാക്കിയത്. ദാരിദ്ര്യനിർമാർജനം, പൊതു ആരോഗ്യസംവിധാനം, ശുദ്ധജലലഭ്യത, ക്രമസമാധാനം തുടങ്ങി 46 മാനദണ്ഡമാണ് വിലയിരുത്തുന്നത്.