സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ മുതൽ വ്യാഴാഴ്ച വരെയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എഴ് മുതൽ 11 വരെ സെന്റിമീറ്റർ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനു നിരോധനമില്ല. അതേസമയം മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ അറബിക്കടലിൽ അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.