25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • *പുതിയത് വാങ്ങിപ്പിക്കാൻ കമ്പനികള്‍ ഫോണുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു- ആരോപണം ശരിയോ*
Kerala

*പുതിയത് വാങ്ങിപ്പിക്കാൻ കമ്പനികള്‍ ഫോണുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു- ആരോപണം ശരിയോ*

എല്ലാ വര്‍ഷവും ഏകദേശം നവംബര്‍ അവസാനിക്കാറാകുമ്പോഴേക്കും ചില സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ഈ ആരോപണം ഉന്നയിക്കാറുണണ്ട്, തന്റെ ഫോണിന്റെ പ്രവര്‍ത്തനം ഫോണ്‍ ഇറക്കിയ കമ്പനി തന്നെ മന്ദീഭവിപ്പിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഇത് ഉത്സവ സീസണാണ്. പുതിയ ഫോണ്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനാണ് തന്റെ കൈവശമുള്ള ഫോണ്‍ മന്ദീഭവിപ്പിക്കുന്നത് എന്നാണ് ഇത്തരം ഉപയോക്താക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഈ വാദത്തില്‍ കഴമ്പുണ്ടോ? ഉത്തരം സങ്കീര്‍ണമാണെന്നാണ് ഓസ്‌ട്രേലിയയിലെ സിക്യുയൂണിവേഴ്‌സിറ്റിയിലെ (CQUniversity) മൈക്കിൾ കൗളിങ്, എയ്മിജോണ്‍സണ്‍ എന്നിവര്‍ ഈ വിഷയത്തെക്കുറിച്ച് തയാറാക്കിയ, പിടിഐ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. വാദത്തിന്റെ ഇരുപുറവും നോക്കാം:
ഓരോ വര്‍ഷവും മെയ്-ജൂണ്‍ മാസങ്ങളില്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതുക്കിയ പതിപ്പുകള്‍ പ്രഖ്യാപിക്കും. തീര്‍ച്ചയായും ഇവയില്‍ പുതിയ ഫീച്ചറുകളും ഉണ്ടായിരിക്കും. ഉദാഹരണത്തിന് വോയിസ് അസിസ്റ്റന്റുകള്‍ക്ക് കൂടുതല്‍ ശേഷി, വിഡിയോ കോള്‍ കൂടുതല്‍ മികച്ചതാക്കും, കൂടുതല്‍ മികച്ച യൂസര്‍ ഇന്റര്‍ഫെയ്‌സ് അങ്ങനെ പലതും. എന്നാല്‍, ഇതെല്ലാം കമ്പനിയുടെ അടുത്ത് ഇറങ്ങാന്‍ പോകുന്ന മോഡല്‍ ഫോണിലായിരിക്കും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക. (ഐഒഎസ് 15 ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക ഐഫോണ്‍ 13 സീരീസിലായിരിക്കും.) ഇതിനു വേണ്ടി ഒപ്ടിമൈസ് ചെയ്തതായിരിക്കും പുതുക്കിയ ഒഎസ്. ഏറ്റവും പുതിയ ഫോണിനു പിന്നിലായി കമ്പനി പ്രാധാന്യം നല്‍കുന്നത് തൊട്ടു മുന്‍ വര്‍ഷം ഇറക്കിയ മോഡലിനായിരിക്കും. അതായത് കൂടുതല്‍ പുതിയ പ്രോസസറുകള്‍ക്ക് ഉചിതമായ രീതിയിലായിരിക്കും സോഫ്റ്റ്‌വെയര്‍ പരുവപ്പെടുത്തുക. ഈ വര്‍ഷം ആപ്പിള്‍, 2015ല്‍ പുറത്തിറക്കിയ ഐഫോണ്‍ 6എസ് മോഡലിനു പോലും ഐഒഎസ് 15 നല്‍കിയിട്ടുണ്ടെന്ന് ഓര്‍ക്കുക.

ആപ്പിള്‍ ചെയ്യുന്ന ഒരു കാര്യം പലപ്പോഴും ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഫീച്ചറുകള്‍ പഴയ ഫോണുകള്‍ക്ക് നല്‍കാറില്ല എന്നതാണ്. പക്ഷേ, അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ ആപ്പിളിനു പോലും ഉണ്ടാകാറും ഉണ്ട്. ഒഎസ് അപ്‌ഡേറ്റ് എന്നത് എത്ര സങ്കീര്‍ണമായ വിഷയമാണെന്നു മനസ്സിലാക്കാന്‍ ഈ വര്‍ഷം വിന്‍ഡോസ് 11 അവതരിപ്പിച്ച മൈക്രോസോഫ്റ്റിനോടു ചോദിച്ചാല്‍ മതിയാകും. താരതമ്യേന പഴയ കംപ്യൂട്ടറുകള്‍ക്ക് പുതിയ ഒഎസ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചില്ല. ഇത്തരത്തിലൊരു കോഡിങ് നടത്താന്‍ കമ്പനിയുടെ എൻജിനീയര്‍മാര്‍ക്ക് സാധിച്ചില്ലെന്നു പറയുന്നു. ഫോണുകളുടെ കാര്യത്തിലും ഇതു തന്നെയാണ് നടക്കുന്നത്.

പഴയ ഹാര്‍ഡ്‌വെയര്‍ പുതിയ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്നത് മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷേ, പുതിയ ഒഎസ് എന്തിനാണ് നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫോണിനെ മന്ദീഭവിപ്പിക്കുന്നത്? ഇത് അറിയന്‍ ചിപ്പ് ഡിസൈനിനെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ വേണം. അടുത്തിടെ വരെ കംപ്യൂട്ടര്‍ നിര്‍മാണത്തിന് ആപ്പിള്‍ പ്രധാനമായും ഇന്റല്‍ നിര്‍മിച്ചു നല്‍കുന്ന പ്രോസസറുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് സ്വന്തം സിസ്റ്റം-ഓണ്‍-ചിപ്പ് പ്രോസസറുകള്‍ നിര്‍മിച്ചു തുടങ്ങിയത്. ഇത്തരം പ്രോസസറുകളില്‍ മൊത്തം സിസ്റ്റവും ആപ്പിള്‍ തന്നെ നിര്‍മിച്ച ചിപ്പില്‍ ഉണ്ടാകും. എന്നാല്‍, ഇങ്ങനെ സ്വയമുണ്ടാക്കിയ ചിപ്പില്‍ പോലും ഭാവിയില്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങള്‍കൂടി അറിഞ്ഞ് ഹാര്‍ഡ്‌വെയര്‍ ഘടിപ്പിക്കാന്‍ സാധ്യമല്ല. ഫോണ്‍ നിര്‍മാതാക്കള്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഏറ്റവും പുതിയ ഹാര്‍ഡ്‌വെയറിന്റെ കരുത്ത് വിളിച്ചറിയിക്കുന്ന രീതിയിലാണ് എഴുതുന്നത്. പഴയ പ്രോസസറുകള്‍ക്ക് ഇതേ ശേഷി ഒരിക്കലും ഉണ്ടാവില്ല. ചുരുക്കി പറഞ്ഞാല്‍ ഒഎസിന്റെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പഴയ ഹാര്‍ഡ്‌വെയര്‍ മന്ദീഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. പുതുക്കിയ ഒഎസ് നമ്മുടെ പഴയ ഫോണിനെ മന്ദീഭവിപ്പിക്കാനായി കോഡിങ് നടത്തിയതല്ല. എന്നാല്‍, അത് പുതിയ ഹാര്‍ഡ്‌വെയറിനു വേണ്ടി കോഡിങ് ചെയ്തതിനാല്‍ പഴയ ഫോണുകള്‍ക്ക് മന്ദത വരാം.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് പുതുക്കിയ ഒഎസ് പഴയ ഫോണുകള്‍ക്ക് നല്‍കുന്നത്? കാരണം, ഉപകരണങ്ങള്‍ക്ക് പുതുമ വരുന്നത് ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഈ വര്‍ഷം ആപ്പിള്‍ പഴയ ഒഎസില്‍ തുടരാന്‍ അനുമതിയും നല്‍കിയിരുന്നു. ആരേയും പുതിയ ഒഎസിലേക്ക് അപ്‌ഡേറ്റു ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല. ഇനി, മനപ്പൂര്‍വ്വം പഴയ ഫോണുകളെ മന്ദീഭവിപ്പിക്കാന്‍ ഏതെങ്കിലും കമ്പനി ശ്രമിക്കുന്നുണ്ടോ എന്നു പരിശോധിക്കലും എളുപ്പമല്ല. കോഡുകളെ ക്ലോസ്ഡ് സോഴ്‌സ് ആയിട്ടാണ് കാണുന്നത്. കമ്പനിക്കു പുറത്തുള്ള വിദഗ്ധര്‍ക്ക് ഇതു പരിശോധിച്ച ശേഷം വിധിയെഴുതാന്‍ സാധ്യമല്ല. ഇനി അങ്ങനെ എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചാല്‍ പോലും അത് പഴയ ഹാര്‍ഡ്‌വെയറിന്റെ ശേഷിക്കുറവു മൂലമാണോ, മനപ്പൂര്‍വ്വം കമ്പനി നടത്തിയ കോഡിങ് മൂലമാണോ എന്നും ഉറപ്പിച്ചു പറയാനാവില്ല.

പക്ഷേ, സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ കച്ചവടക്കാരുമാണ്. കൂടുതല്‍ ഉപകരണങ്ങള്‍ വില്‍ക്കാന്‍ തന്നെയാണ് അവര്‍ ശ്രമിക്കുന്നത് എന്ന കാര്യവും വിസ്മരിച്ചു കൂടാ. ഇതിനെല്ലാം പുറമെയാണ് പുതിയ നെറ്റ്‌വര്‍ക്കുകളുടെ വരവ്. അതായത് 3ജിയിൽ നിന്ന് 4ജി ആകുമ്പോഴും, 4ജി യിൽ നിന്ന് 5ജി ആകുമ്പോഴും എല്ലാം ഉപയോക്താക്കള്‍ പുതിയ ഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായേക്കും. ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഒഴികെയുള്ള ഒഎസ് അപ്‌ഡേറ്റുകള്‍ സ്വീകരിക്കാതെ നോക്കുന്നതും ചിലപ്പോള്‍ പ്രയോജനപ്പെടാം എന്നും പറയുന്നു.

∙ സ്മാര്‍ട് ഫോണ്‍ ക്യാമറാ സെന്‍സറുകളുടെ വില്‍പന കുത്തനെ കൂടി

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങളുടെ ലഭ്യത മിക്ക കമ്പനികള്‍ക്കും പ്രശ്‌നമായിരിക്കുകയാണ്. എന്നാല്‍, ഫോണുകളുടെ സിമോസ് ഇമേജ് സെന്‍സറുകളുടെ വില്‍പന ഈ വര്‍ഷം ഇരട്ടിയായി വര്‍ധിച്ച് 600 കോടിയോളം ആയേക്കുമെന്നു പറയുന്നു. ഫോണുകള്‍ക്കു പിന്നില്‍ ഒന്നിലേറെ ക്യാമറകള്‍ ഉൾപ്പെടുത്തുന്നത് വര്‍ധിച്ചു വരുന്നതാണ് കൂടുതല്‍ സെന്‍സറുകള്‍ ചെലവാകാന്‍ കാരണം.

∙ മീഡിയാടെക്കിന്റെ വരുമാനം 1700 കോടി ഡോളറായി

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാണ കമ്പനികളിലൊന്നായ മീഡിയടെക്കിന്റെ 2021ലെ വരുമാനം 1700 കോടി ഡോളറിൽ എത്തിയെന്ന് കമ്പനി മേധാവി റിക്‌റ്റ്‌സായി പറഞ്ഞു. കമ്പനിക്ക് 2019ല്‍ 800 കോടി ഡോളറായിരുന്നു വരുമാനം.

∙ പകുതി വരുമാനം മിറര്‍ലെസ് ക്യാമറകളില്‍ നിന്നാണെന്ന് നിക്കോണ്‍ ഇന്ത്യാ മേധാവി

പ്രമുഖ ജാപ്പനിസ് ക്യാമറാ നിര്‍മാതാവ് നിക്കോണ്‍ എക്കാലത്തെയും മികച്ച ക്യാമറകളില്‍ ഒന്നായ സെഡ് 9 ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യാമറാ ബോഡിക്കു മാത്രം 4,75,995 രൂപയാണ് വില. കമ്പനിയുടെ പകുതി വരുമാനം മിറര്‍ലെസ് ക്യാമറകളുടെ വില്‍പനയില്‍ നിന്നാണെന്നും കമ്പനി മേധാവി സജ്ജന്‍ കുമാര്‍ പറഞ്ഞു. ഡിഎസ്എല്‍ആര്‍ ക്യാമറകളും വില്‍ക്കുന്നുണ്ടെങ്കിലും മിറര്‍ലെസ് ക്യാമറകളുടെ വില്‍പന മികച്ച വളര്‍ച്ച കാണിക്കുന്നു എന്നാണ് കുമാര്‍ പറഞ്ഞത്. ഈവര്‍ഷം ഇന്ത്യയില്‍ നിന്ന് ഏകദേശം 745 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം 520 കോടി രൂപയായിരുന്നു കമ്പനിക്ക് ലഭിച്ചത്.

Related posts

ലേണേഴ്‌സ്‌ അനുവദിച്ചു തുടങ്ങി:ടെസ്റ്റ് ഓട്ടോമാറ്റിക്കിലായാൽ ഡ്രൈവിങ്ങും ഓട്ടോമാറ്റിക്കിൽ

Aswathi Kottiyoor

പിഴ അര ലക്ഷം; കുട്ടി ഡ്രൈവർമാർ വിലസുന്നു

Aswathi Kottiyoor

പൊലീസ് ഉദ്യോഗസ്ഥർക്ക് ‘22 നല്ല നടപ്പ്’ നിർദേശങ്ങളുമായി ഡിജിപി.

Aswathi Kottiyoor
WordPress Image Lightbox