ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ മിച്ചംപിടിച്ചു നടത്തിയ രാജ്യാന്തര യാത്രകളിലൂടെ പ്രശസ്തനായ കൊച്ചി കടവന്ത്ര സ്വദേശി കെ.ആർ.വിജയൻ(71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.കടവന്ത്രയിൽ ചായക്കട നടത്തിവന്ന വിജയനും ഭാര്യ മോഹനയും ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളിലൂടെയാണ് ശ്രദ്ധേയരായത്. ചായക്കടയിലെ വരുമാനത്തിൽ നിന്ന് ചെറുവിഹിതം എല്ലാ ദിവസവും മാറ്റിവച്ചായിരുന്നു ഈ ലോകയാത്രകൾ. പ്രതിദിനം 300 രൂപയോളം ഈ യാത്രകൾക്കായി മിച്ചംപിടിച്ചാണ് ഈ ദമ്പതികൾ സ്വപ്നസഞ്ചാരങ്ങൾ നടത്തിയത്.16 വർഷത്തിനിടെ 26 രാജ്യം സന്ദർശിച്ച ദമ്പതിമാരുടെ കഥ കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2007 ൽ ഈജിപ്തിലേക്കായിരുന്നു ഇവരുടെ ആദ്യ വിദേശയാത്ര. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ അവസാനം റഷ്യയിലേക്കും. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, റഷ്യൻ പാർലമെന്റ് മന്ദിരം, റെഡ് സ്‌ക്വയർ, ക്രെംലിൻ കൊട്ടാരം എല്ലാം റഷ്യൻ യാത്രയുടെ ഭാഗമായി ഇവർ കണ്ടു.
അടുത്ത ലക്ഷ്യം ജപ്പാനെന്ന മോഹം ബാക്കിയാക്കിയാണ് വിജയൻ വിടപറഞ്ഞത്. 1988 ൽ ഹിമാലയത്തിലേക്കുള്ള യാത്രയും ഈ ദമ്പതികൾ പൂർത്തിയാക്കിയിരുന്നു. റഷ്യൻ സന്ദർശനത്തിന് മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കടവന്ത്രയിലെ ഇവരുടെ കടയിലെത്തി വിനോദസഞ്ചാരം സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതും വാർത്തകളിൽ ഇടംനേടി.
കടവന്ത്രയിലുള്ള വിജയന്റെ ശ്രീ ബാലാജി കോഫി ഹൗസ് ചുവരുകൾ അലങ്കരിക്കുന്നത് ദമ്പതിമാർ സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവരും ഏറെയാണ്.