തമിഴ്നാട്ടില്‍ പത്താം തരം പ്രമോഷന്‍ ലഭിച്ച് കേരളത്തില്‍ പ്ലസ് വണ്‍ അലോട്മെന്റില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇവര്‍ക്ക് പ്ലസ് വണ്‍ അലോട്മെന്റില്‍ ഉള്‍പ്പെടാന്‍ അവസരം നല്‍കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പത്താം ക്ലാസ് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡോ മാര്‍ക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണുണ്ടായത്.
കേരളത്തില്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയില്‍ വിദ്യാര്‍ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തമിഴ്നാട്ടില്‍ പത്താംതരം പാസായ വിദ്യാര്‍ഥികളെ ഹയര്‍സെക്കന്ററി പ്രവേശനത്തിന് പരിഗണിക്കാന്‍ സാധിച്ചില്ല. തങ്ങളെ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയേയും സമീപിച്ചു. വിഷയം പരിശോധിക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.
2021 മാര്‍ച്ചില്‍ തമിഴ്നാട് സംസ്ഥാന ബോര്‍ഡില്‍ നിന്നും പത്താം ക്ലാസ് പാസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതിനാല്‍ മിനിമം പാസ് മാര്‍ക്ക് / ഗ്രേഡ് ആയ ഡി പ്ലസ് നല്‍കി അപേക്ഷകള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കാവുന്നതാണ്. ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുകയും അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്തു.