24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കറൻസിക്കു പുറമേ ഡിജിറ്റൽ പതിപ്പും; വരുമോ, ആർബിഐ ഡിജിറ്റൽ കറൻസി?.
Kerala

കറൻസിക്കു പുറമേ ഡിജിറ്റൽ പതിപ്പും; വരുമോ, ആർബിഐ ഡിജിറ്റൽ കറൻസി?.

റിസർവ് ബാങ്കിന്റെ സ്വന്തം ഡിജിറ്റൽ കറൻസി അടുത്ത ഏപ്രിൽ–ജൂൺ മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയേക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺക്ലേവിൽ ആർബിഐ ചീഫ് ജനറൽ മാനേജർ പി. വാസുദേവനാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. നിലവിലുള്ള കറൻസിയുടെ ഡിജിറ്റൽ രൂപമാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി). പ്രിന്റ് ചെയ്യുന്ന കറൻസിക്കു പുറമേ ഡിജിറ്റലായ കറൻസിയും വരുമെന്നു ചുരുക്കം. കറൻസിയുടെ അച്ചടി, വിതരണം, സൂക്ഷിക്കൽ തുടങ്ങിയ ചെലവുകൾ ലാഭിക്കാനാകും. ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റ്സ് ഇക്കൊല്ലം നടത്തിയ സർവേ അനുസരിച്ച് ലോകത്തിലെ 86% സെൻട്രൽ ബാങ്കുകൾ സിബിഡിസി നടപ്പാക്കുന്നതിന്റെ സാധ്യത ആരായുന്നുണ്ട്. 60 % ബാങ്കുകൾ പ്രാഥമിക നടപടികളിലാണ്. 14% പൈലറ്റ് പദ്ധതി നടപ്പാക്കി.

ഡിജിറ്റൽ പേയ്മെന്റിൽ നിന്നുള്ള വ്യത്യാസം?

യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും അവയിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പോകുന്ന ഇന്റർ–ബാങ്ക് സെറ്റിൽമെന്റ് അണിയറയി‍ൽ നടക്കുന്നുണ്ട്. എന്നാൽ, ഡിജിറ്റൽ കറൻസി വരുന്നതോടെ ഈ സെറ്റിൽമെന്റ് ആവശ്യമില്ല. അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ. സെൻട്രൽ ബാങ്കായ ആർബിഐ മാത്രമായിരിക്കും മധ്യത്തിലുണ്ടാവുക.

ബാങ്ക് അക്കൗണ്ട് പോലുമില്ലാതെ മൊബൈൽ ഫോണിലെ സിബിഡിസി വോലറ്റ് വഴി പരസ്പരം ഡിജിറ്റൽ കറൻസി കൈമാറാം. ബാങ്ക് അക്കൗണ്ടിനു പകരം സിബിഡിസി അക്കൗണ്ട് അധിഷ്ഠിതമായോ വ്യക്തിഗത അക്കൗണ്ട് പോലുമില്ലാതെ ടോക്കൺ അധിഷ്ഠിതമായോ സിബിഡിസി നടപ്പാക്കാം. ഇക്കാര്യത്തിലും ആർബിഐ തീരുമാനമെടുത്തിട്ടില്ല. പണം അയയ്ക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ചുള്ളതാണ് സിബിഡിസി അക്കൗണ്ട് അധിഷ്ഠിത ഇടപാട്. ഇതിനു പകരം വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കി പബ്ലിക്–പ്രൈവറ്റ് കീ (കോഡ്) ഉപയോഗിച്ച് നടത്തുന്നതാണ് ടോക്കൺ അധിഷ്ഠിത സിബിഡിസി.

എന്തുകൊണ്ട് ക്രിപ്റ്റോകറൻസിയല്ല?

ഒരു കേന്ദ്രീകൃത ഏജൻസിയില്ലാതെ വികേന്ദ്രീകൃതമായ ലെഡ്ജർ (കണക്കുപുസ്തകം) എന്ന ആശയം അടിസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത്. അതായത് നിലവിലുള്ള ബാങ്ക് ഇടപാടുകൾ നടക്കുമ്പോൾ അവയുടെ കണക്കു രേഖപ്പെടുത്തുന്നത് ബാങ്കിന്റെ കേന്ദ്രീകൃത ലെഡ്ജറിലാണ്. എന്നാൽ, ക്രിപ്റ്റോ ഇടപാടുകൾ നടക്കുമ്പോൾ ഓരോ ഉപയോക്താക്കളുടെയും (നോഡ്) പക്കലുള്ള ലെഡ്ജറിൽ ഇത് രേഖപ്പെടുത്തും.

ക്രിപ്റ്റോകറൻസിയിൽ നിന്ന് വ്യത്യസ്തമായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ആർബിഐയിൽ കേന്ദ്രീകൃതമായിരിക്കും. എങ്കിലും ക്രിപ്റ്റോകറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ആവശ്യമെങ്കിൽ ഡിജിറ്റൽ കറൻസിക്കായി ഉപയോഗിക്കാം. ഇക്കാര്യത്തിൽ ആർബിഐ തീരുമാനമെടുത്തിട്ടില്ല. ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതും (ഇഷ്യുവർ) ആർബിഐ ആയിരിക്കും. ക്രിപ്റ്റോകറൻസിയിൽ ഇഷ്യുവറില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ രൂപ പോലെ, നിലവിലുള്ള വെർച്വൽ കറൻസിക്കു സഹജമായ മൂല്യമില്ലെന്നാണു ജൂലൈയിൽ ആർബിഐ ഡപ്യൂട്ടി ഗവർണർ ടി.രബി ശങ്കർ പറഞ്ഞത്. വിനിമയത്തിലുള്ള കറൻസിയായി തന്നെ ആർബിഐ സിബിഡിസിയെയും പരിഗണിക്കും. ആർബിഐ തന്നെ ഡിജിറ്റൽ കറൻസി ഇറക്കണമെന്നു 2017 ൽ രൂപീകരിച്ച മന്ത്രിതല സമിതി ശുപാർശ ചെയ്തിരുന്നു.

പ്രധാനമന്ത്രിക്ക് കത്ത്

ക്രിപ്റ്റോകറൻസി നിരോധിക്കുകയും പകരം റിസർവ് ബാങ്കിന്റെ കീഴിൽ സെൻട്രൽ ബാങ്ക് ‍ഡിജിറ്റൽ കറൻസി ഏർപ്പെടുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഐടി സ്ഥിരം സമിതി അംഗം കൂടിയായ ബിജെപി എംപി നിഷികാന്ത് ദുബെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുനൽകി. ഇടനിലക്കാരായ ബാങ്കുകളെ ഒഴിവാക്കി ബ്ലോക്ചെയിൻ അടിസ്ഥാനത്തിലുള്ള സുരക്ഷിതമായ ശൃംഖല ഒരുക്കാനും സിബിഡിസി വഴിയൊരുക്കുമെന്നു കത്തിൽ പറയുന്നു. ക്രിപ്റ്റോ നിയമപരമാക്കിയാൽ ഇന്ത്യൻ സാമ്പത്തികരംഗം തകരുമെന്നും ദുബെ മുന്നറിയിപ്പു നൽകി.

Related posts

ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ 82 ശതമാനം പിന്നിട്ടു; മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം കൂട്ടി

Aswathi Kottiyoor

എ​രു​മേ​ലി​യി​ൽ അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

Aswathi Kottiyoor

കള്ളുഷാപ്പില്‍ കത്തിക്കുത്ത്; യുവാവ് മരിച്ചു, പ്രതി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox