• Home
  • Kerala
  • ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ ലക്ഷ്യം കൈവരിക്കും: മന്ത്രി എം വി ഗോവിന്ദന്‍
Kerala

ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ ലക്ഷ്യം കൈവരിക്കും: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം > ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്നും സ്‌ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം യുവതികള്‍ക്ക് ലഭിക്കുമെന്നും തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരിയും സ്‌‌ത്രീധന പീഡനങ്ങളും ഉള്‍പ്പെടെ സ്‌ത്രീസമൂഹം നേരിടുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പയിനുകള്‍ ആസൂത്രണം ചെയ്യുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ആളോഹരി വരുമാനത്തില്‍ കേരളം പിന്നിലാണെങ്കിലും, സുരക്ഷിത ഭവനം, ആഹാരം, വസ്ത്രം, ശുദ്ധജല ലഭ്യത എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭ്യമാക്കി ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സമൂഹത്തെ പ്രാപ്‌തരാക്കുന്ന കേരള മോഡലാണ് നടപ്പിലാക്കപ്പെടുന്നത്. എന്നിട്ടും മുഖ്യധാരയിലേക്ക് എത്താത്തവരെ കണ്ടെത്തുന്നതിനാണ് അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ നടത്തുന്നത്. ഇതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയണം.

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്‌‌മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും(കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പരമാവധി യുവതികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

ജില്ലകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും മന്ത്രിയോടൊപ്പം അവലോകനം നടത്തി. ഫീല്‍ഡ് തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മന്ത്രി നല്‍കി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ട‌‌ര്‍ പി.ഐ ശ്രീവിദ്യ, പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്‌റ്റ‌ന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പദ്ധതി അവലോകന യോഗത്തില്‍ പങ്കെടുത്തു.

Related posts

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌: ഹൈക്കോടതി വിധിക്ക് അടിയന്തര സ്റ്റേയില്ല.

Aswathi Kottiyoor

കേരളത്തിൽ ഈ വര്‍ഷം നികുതി പിരിച്ചത്‌ 11,175 കോടി

Aswathi Kottiyoor

പ്രശസ്‌ത നാടക നടൻ മരട്‌ ജോസഫ്‌ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox