24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹോം നഴ്സ്, വീട്ടുജോലി: ക്ഷേമനിധി ബോർഡ് വരും; കരടുബിൽ തയാറായി.
Kerala

ഹോം നഴ്സ്, വീട്ടുജോലി: ക്ഷേമനിധി ബോർഡ് വരും; കരടുബിൽ തയാറായി.

ഹോം നഴ്സുമാർക്കും വീട്ടുജോലികളിൽ സഹായത്തിനെത്തുന്നവർക്കുമായി ക്ഷേമനിധി ബോർഡ് രൂപീകരിക്കാനും ഇവരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കാനുമുള്ള വ്യവസ്ഥകളോടെ കരടു ബിൽ തയാറാക്കി സംസ്ഥാന നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു.

ഇത്തരം ജോലിക്കാരെ നിയോഗിക്കുന്ന എല്ലാ ഏജൻസികളും ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്തിരിക്കണം. അതു ലംഘിക്കുന്ന ഏജൻസികൾക്കും വ്യവസ്ഥ ലംഘിച്ചു മറ്റു ജോലികൾക്ക് ഇവരെ നിയോഗിക്കുന്ന വീട്ടുടമകൾക്കും തടവും പിഴയും ഉൾപ്പെടെ ശിക്ഷയും വീട്ടുജോലിക്കാരുടെ (നിയന്ത്രണവും ക്ഷേമവും) ബിൽ 2021 ന്റെ കരടിൽ നിർദേശിക്കുന്നു. തർക്കപരിഹാരങ്ങൾക്കു കൗൺസിൽ രൂപീകരിക്കണം. പരാതി ലഭിച്ചാൽ വീട്ടിലോ ഏജൻസിയിലോ പരിശോധന നടത്താൻ അസി. ലേബർ ഓഫിസർ തസ്തികയിലുള്ള ഇൻസ്പെക്ടിങ് ഓഫിസറെയും സർക്കാർ നിയോഗിക്കണം.വീട്ടുജോലിക്കാരും ഹോം നഴ്സുമാരും ഏറിയ പങ്കും സ്ത്രീകളാണെന്നും നിലവിൽ ഇവരെ പല ഏജൻസികളും വീട്ടുടമസ്ഥരും ചൂഷണം ചെയ്യുകയാണെന്നും ഇതു പരിഹരിക്കാനാണു ബിൽ എന്നും ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനും കെ.ശശിധരൻ നായർ ഉപാധ്യക്ഷനുമായ കമ്മിഷൻ വ്യക്തമാക്കി.

ബില്ലിലെ മറ്റു വ്യവസ്ഥകൾ

∙ നിശ്ചിത വേതനവും അധിക ജോലിക്ക് അധിക അലവൻസും നൽകണം. അന്തസ്സുള്ള ജോലി സാഹചര്യവും താമസ, വിശ്രമ സൗകര്യവും തൊഴിൽ–ആരോഗ്യ സുരക്ഷയും ഒരുക്കണം.

∙റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്യണം. പരിശോധനയ്ക്കു ശേഷം ബോർഡ് 5 വർഷത്തേക്കുള്ള റജിസ്ട്രേഷൻ നൽകും. പിന്നീടു ഫീസ് നൽകി പുതുക്കണം. റജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചാൽ ഏജൻസി ഉടമകൾക്ക് ഒരു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ശിക്ഷ.

∙ ജോലിക്കാരുടെ തൊഴിൽ പരിചയം, ആരോഗ്യ വിവരം ഉൾപ്പെടെ രേഖകളും റജിസ്റ്ററും ഏജൻസി സൂക്ഷിക്കണം. ജോലിയുടെ സ്വഭാവവും തൊഴിൽവ്യവസ്ഥകളും വ്യക്തമാക്കുന്ന കത്ത് ജോലിക്കാർക്കും വീട്ടുടമസ്ഥർക്കും ഏജൻസി നൽകണം. ജോലിക്കാരുടെ ആകെ വേതനത്തിന്റെ പരമാവധി 10% മതി സർവീസ് ചാർജ്. അതിലേറെ ഈടാക്കിയാൽ ഒരു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ശിക്ഷ.

∙ വീട്ടുടമ നേരിട്ടാണു ജോലിക്കു നിയോഗിക്കുന്നതെങ്കിൽ വ്യവസ്ഥകൾ വ്യക്തമാക്കി കത്തു നൽകണം. വ്യവസ്ഥകൾ ലംഘിച്ചാൽ ഒരു വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ.

∙ ജോലിയിൽ നിന്നു വിടുതൽ ചെയ്യാൻ 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണം. ഈ ദിവസത്തെ വേതനം നൽകണം. സർക്കാർ രൂപീകരിക്കുന്ന തർക്ക പരിഹാര കൗൺസിൽ വഴി വേണം തർക്കങ്ങളും പരാതികളും പരിഹരിക്കാൻ.

∙ 15 വയസ്സിനു താഴെയുള്ളവരെ വീട്ടുജോലിക്കു നിയമിക്കരുത്. രക്ഷിതാവിന്റെ സമ്മതപത്രത്തോടെ15–18 പ്രായക്കാരെ ജോലിക്കു നിയോഗിക്കാം.

ബോർഡിൽ വീട്ടുജോലിക്കാരുടെ പ്രതിനിധികളും

വീട്ടുജോലിക്കാർ, തൊഴിലുടമകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രതിനിധികൾ അടങ്ങിയതാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന 9 അംഗ ‘സംസ്ഥാന വീട്ടുജോലിക്കാർക്കുള്ള ക്ഷേമനിധി ബോർഡ്’.

18 മുതൽ 62 വരെ പ്രായമുള്ള ജോലിക്കാർക്കു ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകാം. 65 വയസ്സു വരെ അംശദായം അടയ്ക്കാം.

Related posts

സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

Aswathi Kottiyoor

ക്ലെയിമുകളിൽ കടുംവെട്ട്​; ആരോഗ്യ ഇൻഷുറൻസും പൊള്ളുന്നു

Aswathi Kottiyoor

60,000 ആദിവാസി 
കുടുംബത്തിനുകൂടി 
കെ ഫോൺ കണക്‌ഷൻ

Aswathi Kottiyoor
WordPress Image Lightbox