22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാലാവസ്ഥ വ്യതിയാനം: ഭൂസ്പര്‍ശമണ്ഡലം ഭൗമോപരിതലത്തില്‍ നിന്ന് അകലുന്നു.
Kerala

കാലാവസ്ഥ വ്യതിയാനം: ഭൂസ്പര്‍ശമണ്ഡലം ഭൗമോപരിതലത്തില്‍ നിന്ന് അകലുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഇതിനകം ലോകം അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. അന്തരീക്ഷ താപനില ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൗമാന്തരീക്ഷത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലയായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപോസ്ഫിയര്‍ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം പറയുന്നത്. ഉത്തരാര്‍ധഗോളത്തില്‍ കാലാവസ്ഥാ ബലൂണുകള്‍ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ദശാബ്ദത്തില്‍ 50 മുതല്‍ 60 മീറ്റര്‍ വരെ മുകളിലേക്ക് നീങ്ങിയിട്ടുണ്ട്.

അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ജേയ്ന്‍ ലിയു പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്പര്‍ശമണ്ഡലത്തിന്റെ ഉയരം വ്യത്യസ്തമാണ്. ഉഷ്ണമേഖലകളില്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഭൂസ്പര്‍ശമണ്ഡലം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ദ്രുവപ്രദേശത്ത് ഇത് 12 കിലോമീറ്ററില്‍ താഴെയായും സ്ഥിതി ചെയ്യുന്നു.

ഓരോ വര്‍ഷവും കാലാവസ്ഥയ്ക്കനുസരിച്ച് ഭൂസ്പര്‍ശമേഖലയുടെ മുകളിലെ അതിര്‍ത്തിയായ ട്രോപോപോസ് സ്വാഭാവികമായും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. ചൂട് കൂടുമ്പോള്‍ വായു വികസിക്കുകയും തണുപ്പ് കാലത്ത് വായു ചുരുങ്ങുകയും ചെയ്യുന്നതിനാലാണിത്.

എന്നാല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് പിടിച്ച് നിര്‍ത്തുകയും ഇതുവഴി ഭൂസ്പര്‍ശമണ്ഡലം പതിവില്‍ കവിഞ്ഞ് ഉയരുകയും ചെയ്യുന്നു.

1980 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ട്രോപോപോസ് 200 മീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ടെന്നാണ് ലിയുവും സംഘവും പറയുന്നത്.

മിക്കവാറും എല്ലാ കാലാവസ്ഥയും ഭൂസ്പര്‍ശമണ്ഡലത്തിലാണ് സംഭവിക്കുന്നത്. എങ്കിലും ഈ മാറ്റം കാലാവസ്ഥയെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണിത് എന്ന് അവര്‍ പറഞ്ഞു.

Related posts

തെരുവുനായ വന്ധ്യംകരണപദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് അറുപതോളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Aswathi Kottiyoor

തമിഴ്‌നാട്ടിൽ പാത ഇരട്ടിപ്പിക്കൽ; ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox